ഇവിടെ, ഒരു വിഭാഗത്തിന് മാത്രം നീതി ഇല്ലാതാകുന്നു; റിയാസ് മൗലവി വധക്കേസ് പ്രതികൾ രക്ഷപ്പെട്ടത് ഉദാഹരണം

ഇവിടെ, ഒരു വിഭാഗത്തിന് മാത്രം നീതി ഇല്ലാതാകുന്നു; റിയാസ് മൗലവി വധക്കേസ് പ്രതികൾ രക്ഷപ്പെട്ടത് ഉദാഹരണം


കാസർകോട് പഴയ ചൂരിയിലെ മദ്രാസാധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടതിൽ സംസ്ഥാനമെങ്ങും പിണറായി സർക്കാരിനെതിരെ രോഷം ആളിക്കത്തുകയാണ്. മുസ്ലിം നാമധാരികളായ ആളുകൾക്ക് എതിരെ കേസ് എടുത്ത് ജയിലിലിടുമ്പോൾ ആർഎസ്എസ് പ്രവർത്തകരായ ആളുകളെ രക്ഷപ്പെടുത്താൻ പിണറായി സർക്കാർ കാണിക്കുന്ന താല്പര്യം ഈ കേസിലും വ്യക്തമാണെന്നാണ് ആക്ഷേപം. എസ് അജേഷ്, നിധിൻ, അഖിലേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ്‌ കെ കെ ബാലകൃഷ്ണൻ വെറുതെവിട്ടത്.
  


റിയാസ് മൗലവി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് വിധി പകർപ്പ്. സംശയത്തിൻ്റെ ആനുകൂല്യം നൽകി മൂന്ന് പ്രതികളെയും വെറുതെ വിടുമ്പോൾ അന്വേഷണത്തിൻ്റെ വീഴ്ചയിലേയ്ക്കാണ് അത് വിരൽ ചൂണ്ടുന്നത്. സാഹചര്യ തെളിവുകളൊന്നും കുറ്റം സ്ഥാപിക്കുന്നതിന് പര്യാപ്തമല്ല, ശാസ്ത്രീയ തെളിവുകളും സംശയം ജനിപ്പിക്കുന്നു തുടങ്ങിയ വിധി പകർപ്പിലെ വാചകങ്ങളും ശ്രദ്ധേയമാണ്. റിയാസ് മൗലവിക്കേസിലെ പ്രതികളെ വെറുതെ വിടുമ്പോൾ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുമ്പോൾ, ഈ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും ആരുടെ ആളുകളാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

അവർ ഈ കേരളം ഭരിക്കുന്ന പിണറായി സർക്കാരിൻ്റെ ആളുകളാണ്. ഈ കേസിൽ പ്രതികൾക്ക് മേൽ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ടു ഹർജി നൽകിയത് റിയാസ് മൗലവിയുടെ ഭാര്യയാണ്. അതിന് അവർ പറഞ്ഞത് വർഗീയ വാദികളായ ആർഎസ്എസ് ആണ് ഇത് ചെയ്തത് എന്നാണ്. എന്നാൽ കേരള സർക്കാർ കോടതിയിൽ പറഞ്ഞത് ആർഎസ്എസ് ഭീകര സംഘടന അല്ലെന്നും അത് കൊണ്ട് ഈ കേസിൽ ഭീകരവാദ ആരോപണം നിലനിൽക്കില്ലെന്നുമാണ്. അത് കൊണ്ട് തന്നെ യുഎപിഎ ചാർത്താൻ പറ്റില്ല എന്ന നിലപാട് എടുത്ത കേരള സർക്കാർ എത്ര വിദഗ്ധമായാണ് പലരെയും പറ്റിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും.

ഏഴ് വർഷം മുൻപ് റിയാസ് മൗലവി സംഘപരിവാറിന്റെ കഠാരയിൽ കൊല്ലപ്പെടുന്നു. ഏഴ് വർഷവും 10 ദിവസങ്ങൾക്കും ശേഷം നീതിന്യായ വ്യവസ്ഥയുടെ ചുറ്റികയാൽ അദ്ദേഹത്തിൻ്റെ കുടുംബവും അദ്ദേഹത്തെ സ്നേഹിക്കുന്നവരും അദ്ദേഹത്തിനായി നീതി കാംക്ഷിച്ചവരും കോടതിയിൽ കൊല്ലപ്പെട്ടുവെന്നാണ് സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ ഒരു ആർഎസ്എസ് കാരനും കേരളത്തിൽ ശിക്ഷിക്കപ്പെടാൻ പോകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതാണ് മോദി - പിണറായി ഡീൽ എന്നാണ് ഇവർ പറയുന്നത്. അങ്ങനെ കേരളാ സർക്കാർ മുസ്ലിംകൾക്കെതിരെ തിരിയുമ്പോൾ സർക്കാരിനെതിരെയുള്ള പല കേസുകളും വന്നപോലെ തന്നെ ആവിയായി മാറുന്നു. ഇതാണ് സത്യവും.

 


  പള്ളിയോടടുത്ത മുറിയിൽ കയറി മൗലവിയെ വെട്ടിക്കൊലപ്പെടുത്തി വർഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ട്. കേസിൽ ഗൂഡാലോചനയുണ്ടെന്ന വാദവും പോലീസ് മുഖവിലയ്‌ക്കെടുത്തില്ല. പള്ളിയോട് അനുബന്ധിച്ചുള്ള ഒരു മുറിയിൽ താമസിച്ചിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ മുറിയിലേയ്ക്ക് ഇടിച്ചു കയറിച്ചെന്ന് കൊലപ്പെടുത്തുകയായിരുന്നു പ്രതികൾ. എന്നിട്ട് യാതൊരു തെളിവും ഇല്ലാതെ തേച്ച് മാച്ച് കളയുന്നു. പ്രതികൾ മിടുക്കരായി രക്ഷപ്പെട്ട് പുറത്തുവരുന്നു. എന്തൊരു സുന്ദരമായ കാഴ്ച. ഇതാണ് ദൈവത്തിൻ്റെ സ്വന്തം നാട്.

റിയാസ് മൗലവിയെ ആർഎസ്എസുകാർ കൊല്ലുന്ന 2017ൽ കേരളത്തിൻ്റെ ആഭ്യന്തരമന്ത്രി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരുന്നു. കേന്ദ്രത്തിലെ മോദിയെപ്പോലെ തന്നെ ഇവിടുത്തെ ഇടതു സർക്കാരിൻ്റെയും ശത്രുത മുസ്ലിം സമുദായത്തോട് തന്നെയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്ലിം പേരുകാർ എവിടെയുണ്ടെങ്കിലും അവരെയെല്ലാം പിടിച്ച് അകത്തിടും, ശിക്ഷയും വാങ്ങിക്കൊടുക്കും രണ്ടു കൂട്ടരും. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും ഭായി ഭായി തന്നെ. ഈ അടുത്ത കാലത്താണ് ആലപ്പുഴയിൽ എസ്.ഡി.ഐ.പിക്കാർ 2021ൽ കൊന്ന രഞ്ജിത് ശ്രീനിവാസൻ കേസിലെ പ്രതികൾക്ക് മുഴുവനും കോടതി വധശിക്ഷ വിധിച്ചത്. പ്രതികൾ മുസ്ലിം പേരുകാർ ആയിരുന്നു.

എന്നാൽ ശ്രീനിവാസൻ കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ആർഎസ്എസുകാർ കൊന്ന ഷാൻ കൊലക്കേസിൽ ഈ കുറ്റമറ്റ വേഗത കണ്ടില്ല. അതിനാൽ ശിക്ഷ വിധിച്ചതുമില്ല. ഇതാണ് ഇവിടുത്തെ സർക്കാരിൻ്റെ ഇരട്ടത്താപ്പ്. പിണറായി വിജയൻ സർക്കാർ മോദി അടിമത്വത്തിലൂടെ പോലീസിനെ എത്രത്തോളം ആർ.എസ്.എസ് ആഞ്ജാനുവർത്തികളാക്കി എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇതെന്നാണ് പ്രതിപക്ഷ വിമർശനം. കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത അപൂർവങ്ങളിൽ അപൂർവമായ ഒരു കേസ്, പള്ളിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു മനുഷ്യനെ, ഇതിനു മുൻപ് പ്രതികൾ വിദൂരത്ത് പോലും കണ്ടുമുട്ടിയില്ലാത്ത ഒരു മനുഷ്യനെ, മതവെറി ഒന്ന് കൊണ്ട് മാത്രം വെട്ടിക്കൊന്ന മൂന്ന് ആർഎസ്എസുകാരെ കോടതി വെറുതെ വിടാൻ മാത്രം ലൂപ് ഹോളുണ്ടാക്കി കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു പിണറായി സർക്കാർ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശരിക്കും പറഞ്ഞാൽ ഇവിടെ ഒരു വിഭാഗത്തിന് മാത്രം ഇവിടെ നീതി ഇല്ലാതാകുന്നു. സ്വന്തം രാജ്യത്ത് അവർ രണ്ടാം കിടക്കാരായി ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റിയാസ് മൗലവി വധക്കേസിന്റെ വിധി. എന്താണ് നമ്മുടെ നാട് ഇങ്ങനെ? പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് എന്ന് വരുത്തി തീർത്ത് മുതലക്കണ്ണീർ ഒഴുക്കുന്ന ഇവിടുത്തെ ഇടത് സർക്കാരിന് എന്ത് ആത്മാർത്ഥയാണ് മുസ്ലിംകളോടെന്ന് ഇനിയെങ്കിലും പൊതു സമൂഹം ഉണർന്ന് ചിന്തിക്കേണ്ടിയിരുന്നു. അവരുടെ കപട മുഖമൂടി ആണ് ഈ കേസിലൂടെ അഴിഞ്ഞിരിക്കുന്നത്.