പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം; ഗഡ്കരി കുഴഞ്ഞുവീണു

പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം; ഗഡ്കരി കുഴഞ്ഞുവീണു
മുംബൈ: മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. യവത്മല്‍ പുസദില്‍ ശിവസേന ഷിന്‍ഡേ വിഭാഗം സ്ഥാനാര്‍ത്ഥി രാജശ്രീ പാട്ടീലിനുവേണ്ടി തെരഞ്ഞെടുപ്പ് റാലിയില്‍ അഭിസംബോധന ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ഗഡ്കരിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്കി. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചൂട് മൂലമാണ് റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ഗഡ്കരി പിന്നീട് പ്രതികരിച്ചു.

കഠിനമായ ചൂട് മൂലമാണ് സുഖമില്ലാതായത്. ഇപ്പോള്‍ ആരോഗ്യവാനാണ്. അടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി വരുദിലേക്ക് പുറപ്പെടുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്നും ഗഡ്കരി എക്‌സിലൂടെ അറിയിച്ചു.