തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; നഗരം പൂരാവേശത്തിലേക്ക്

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; നഗരം പൂരാവേശത്തിലേക്ക്
തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. കൊടിയേറ്റ ദിവസമായ ഇന്ന് പൂരത്തിന്റെ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും കൊടിയേറ്റം ആഘോഷമായി നടത്തും. ആദ്യ കൊടിയേറ്റ് നടക്കുക തിരുവമ്പാടി ക്ഷേത്രത്തിലാണ്.

പകൽ 11 നും 11.30 നും ഇടയിലാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുക. ആർപ്പുവിളികളോടെ ആലിലയും മാവിലയും ദർഭയും കൊണ്ട് അലങ്കരിച്ച് മിനുക്കിയ കവുങ്ങിൻ കൊടിമരം ദേശക്കാർ ഉയർത്തുന്നതോടെ നഗരം പൂരാവേശത്തിലേക്ക് കടക്കും. കൊടിയേറ്റിനോടനുബന്ധിച്ച് എഴുന്നള്ളിപ്പും മേളവും ഉണ്ടാകും.

തിരുവമ്പാടിയുടെ പന്തലുകൾ ആയ നായ്‌ക്കനാലിലും നടുവിലാലിലും ഉച്ചയ്‌ക്ക് ശേഷമാണ് പൂരകൊടികൾ ഉയർത്തുക. പകൽ 12 മണിക്ക് പാറമേക്കാവ് വിഭാഗം കൊടിയേറ്റം നടത്തും. പൂരത്തിന്റെ വരവറിയിച്ച് സിംഹമുദ്രയുള്ള മഞ്ഞകൊടി പാറമേക്കാവ് വിഭാഗം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും ഉയർത്തും.

ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, കാരമുക്ക്, കണിമംഗലം, പനമുക്കുംപിള്ളി, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്തലക്കാവ് തുടങ്ങിയ ഘടകക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റ് നടക്കും. സാമ്പിൾ വെടിക്കെട്ട് നടക്കുക ബുധനാഴ്ച വൈകിട്ടാണ്. ഏപ്രിൽ 19നാണ് തൃശ്ശൂർ പൂരം. 20 ന് പുലർച്ചെ മുഖ്യ വെടിക്കെട്ടും ഉച്ചയ്‌ക്ക് പൂരം സമാപനത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടും നടക്കും.