കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് പരിശോധനയ്ക്കിടെ കാറുമായി കടന്നു കളഞ്ഞ യുവാവിനെ എക്സൈസും നാട്ടുകാരും ചേർന്നു പിടികൂടി.

എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ: ലഹരിയിൽ കാറുമായി റോഡിൽ പരാക്രമം

മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് പരിശോധനയ്ക്കിടെ കാറുമായി കടന്നു കളഞ്ഞ യുവാവിനെ എക്സൈസും നാട്ടുകാരും ചേർന്നു പിടികൂടി.

കാറിൽനിന്ന് 20 ഗ്രാം കഞ്ചാവും അഞ്ചു ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനിൽ(31) നിന്നാണ് ഇവ പിടികൂടിയത്. കൂട്ടുപുഴയിൽ നിന്ന് നിർത്താതെ പോയ കാർ മട്ടന്നൂർ കരേറ്റയിൽ വച്ചാണ് എക്സൈസ് സംഘം തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമിതവേഗതയിൽ ഓടിച്ച കാർ വഴിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കി.

തിങ്കളാഴ്ച‌ രാവിലെ 11.30 ഓടെയാണ് ബംഗളൂരുവിൽ നിന്ന് വരുന്ന കാർ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ ത്തിയത്. വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു. ഇരിട്ടി എക്സൈസ് സംഘത്തെ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി ടൗണിന് സമീപം കാർ തടയാൻ ശ്രമിച്ചെങ്കിലും ഫിറോസ് കാറുമായി കടന്നുകളഞ്ഞു.

തുടർന്ന് മട്ടന്നൂരിലെ എക്സൈസ് ഉദ്യോഗസ്ഥരേയും അറിയിച്ച ശേഷം കരേറ്റയിൽ വച്ചാണ് കാർ തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫിറോസിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. കൂട്ടുപുഴയിൽ നിന്ന് ഡോർ പോലും അടയ്ക്കാതെ അമിതവേഗതയിൽ വന്ന കാർ വഴിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ഈ വാഹനങ്ങളിലുള്ള വരും ഇയാളെ പിന്തുടർന്ന് എത്തിയിരുന്നു. മുമ്‌ബ് വയനാട് ചെക്ക്പോസ്റ്റിൽ വച്ച് എംഡിഎംഎ പിടികൂടിയ കേസിലും ഇയാൾ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. കേസിൽ ജാമ്യത്തിലിറ ങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്.

ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ അജീഷ് ലബ്ബ, എക്സൈസ് ഉദ്യോഗസ്ഥരായ കെ. ഉത്തമൻ, സി.പി. ഷാജി, സി.ഒ. ഷാജൻ, സി.വി. റിജുൻ, ഷൈബി കുര്യൻ, വി. ശ്രീനിവാസൻ, രമീഷ്, ഡ്രൈവർമാരായ കെ.ടി.ജോർജ്, കേശവൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്