നായയെ ചെരുപ്പൂരി എറിഞ്ഞത് ചോദ്യം ചെയ്തു ; മലയാളിയെ ഉത്തരേന്ത്യക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു ; നാല്‍വര്‍സംഘം കൊച്ചിയില്‍ അറസ്റ്റില്‍

നായയെ ചെരുപ്പൂരി എറിഞ്ഞത് ചോദ്യം ചെയ്തു ; മലയാളിയെ ഉത്തരേന്ത്യക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു ; നാല്‍വര്‍സംഘം കൊച്ചിയില്‍ അറസ്റ്റില്‍കൊച്ചി: ഉത്തരേന്ത്യന്‍ സ്വദേശികള്‍ സംഘംചേര്‍ന്ന് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച എറണാകുളം മുല്ലശേരി കനാല്‍ റോഡില്‍ തോട്ടുങ്കില്‍ വീട്ടില്‍ ടി.ബി. വിനോദ് (53) മരിച്ചു. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവറായിരുന്നു.

ഗുരുതരപരുക്കേറ്റ് കഴിഞ്ഞ 25 മുതല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരീകാവയങ്ങള്‍ക്കും തലച്ചോറിനും ക്ഷതമേറ്റിരുന്നു. കഴുത്തിലെ ഞരമ്പുകള്‍ക്ക് സാരമായി ക്ഷതമേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് അബോധാവസ്ഥയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: സിന്ധു. മക്കള്‍: ദേവേശ്വര്‍ (കോതമംഗലം എം.എ കോളേജ് ബി.കോം വിദ്യാര്‍ത്ഥി), ദിയ ( അമൃത നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സംസ്‌കാരം പിന്നീട്.

വളര്‍ത്തുനായയെ ചെരുപ്പെറിഞ്ഞത് ചോദ്യംചെയ്തിന്റെ പേരിലായിരുന്നു ഉത്തരേന്ത്യന്‍ സ്വദേശികളുടെ ആക്രമണം നേരിട്ടത്. പ്രതികളെ നേരത്തേ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിനോദ് മരിച്ചതോടെ പ്രതികള്‍ക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കൊലക്കുറ്റം ചുമത്തി. തപാല്‍വകുപ്പിന്റെ പോസ്റ്റല്‍ അസിസ്റ്റന്റുമാരായ ഉത്തര്‍പ്രദേശ് സ്വദേശികളായ അശ്വനി ഗോള്‍ക്കര്‍ (27), കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍കാരനായ ഉത്കര്‍ഷ് (25), ഹരിയാന സ്വദേശി ഗോഹാന ദീപക് (26) എന്നിവരാണ് പ്രതികള്‍. മാര്‍ച്ച് 25ന് രാത്രി പത്തിനായിരുന്നു സംഭവം. നാലുപ്രതികളെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

നാലുപേരും വിനോദിന്റെ വീടിനു സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം വീട്ടിലെത്തിയ സുഹൃത്തുക്കളെ യാത്രയാക്കാന്‍ നാല്‍വര്‍ സംഘം പുറത്തേക്കിറങ്ങിയപ്പോഴാണ് നായ കുരച്ചത്. ഇത് യുവാക്കളെ പ്രകോപ്പിച്ചു.

ഒരാള്‍ ചെരുപ്പൂരി എറിഞ്ഞത് വിനോദ് ചോദ്യംചെയ്‌തോടെ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായി. ഒന്നാംപ്രതിയായ അശ്വനി ഗോള്‍കര്‍ വിനോദിന്റെ കഴുത്തു ഞെരിച്ചു. മറ്റുള്ളവര്‍ മര്‍ദനം തുടര്‍ന്നു. പ്രദേശവാസികള്‍ ഓടിക്കൂടിയെങ്കിലും അശ്വിനി കഴുത്തില്‍നിന്നുള്ള പിടിവിട്ടില്ല. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പിടിവിട്ടത്. അപ്പോഴേക്കും വിനോദ് അബോധാവസ്ഥയിലായി.

പ്രതികളെ പ്രദേശവാസികള്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോസ്റ്റല്‍ അസിസ്റ്റന്റായി ജോലിലഭിച്ച് മൂന്നാഴ്ച മുമ്പാണ് പ്രതികള്‍ എറണാകുളത്ത് എത്തിയത്. അശ്വിനി ഗോള്‍കര്‍ കടവന്ത്രയിലും മറ്റ് മൂന്നുപേര്‍ക്ക് എറണാകുളം റീജിയണല്‍ തപാല്‍ ഓഫീസിലുമായിരുന്നു നിയമനം. വിനോദിന്റെ മൃതദേഹം ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.