‘രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’; ഗുരുതര അധിക്ഷേപ പരാമർശവുമായി പിവി അൻവർ

‘രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’; ഗുരുതര അധിക്ഷേപ പരാമർശവുമായി പിവി അൻവർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ. ‘ഗാന്ധി’ എന്ന പേര് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നും അൻവർ പറഞ്ഞു. പാലക്കാട് എടത്തനാട്ടുകരയിൽ എൽഡിഎഫ് ലോക്കൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു അൻവറിന്റെ അധിക്ഷേപ പരാമർശം.

‘ഗാന്ധി’ എന്ന പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. അക്കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. രാഹുൽ മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും പിവി അൻവർ വ്യക്തമാക്കി.


രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. പിണറായിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിന് പിന്നാലെ രാഹുലിനെതിരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പിവി അൻവർ രാഹുലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നത്.