പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്


കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്രയില്‍ നടന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂട പ്രചരിച്ച, ഒരു യുവാവ് വയോധികനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണെന്ന് വ്യക്തമായി. കോഴിക്കോട് പേരാമ്പ്രയില്‍ സ്വത്തിന്റെ പേരില്‍ മകന്‍ പിതാവിനെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. 

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കേരളത്തില്‍ എവിടെയും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും തമിഴ്‌നാട്ടില്‍ സംഭവിച്ച കാര്യമാണ് കോഴിക്കോട് പേരാമ്പ്രയില്‍ നടന്നതെന്ന തരത്തില്‍ പ്രചരിച്ചതെന്നും കണ്ടെത്തുകയായിരുന്നു.  

തമിഴ്നാട്ടിലെ പേരമ്പല്ലൂര്‍ ജില്ലയിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. അറുപതുകാരനായ വ്യവസായി കൈകുളത്തൂര്‍ സ്വദേശി കുലന്തവേലുവാണ് മകന്‍ സത്യവേലുവിന്റെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സത്യവേലു ഇരു കൈയ്യും ഉപയോഗിച്ച് കുലന്തവേലുവിന്റെ മുഖത്തും തലയിലും തുടര്‍ച്ചയായി ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

കാലുകൊണ്ടും മുഖത്ത് ചവിട്ടി. സംഭവസ്ഥലത്തു തന്നെ കുഴഞ്ഞുവീണ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറില്‍ കയറ്റിയപ്പോഴും മകന്‍ ആക്രമിച്ചു. ചികിത്സയിലിരിക്കേ മൊഴിയെടുക്കാനെത്തിയ പോലീസിനോട് കുലന്തവേലു തനിക്ക് പരാതിയില്ലെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ മരണപ്പെടുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിന്നീട് കേസെടുക്കുകയായിരുന്നു