പൊന്തന്‍പുഴ വനത്തില്‍ ആസിഡ് ആക്രമണത്തിന് വിധേയനായ യുവാവ് മരിച്ചു

പൊന്തന്‍പുഴ വനത്തില്‍ ആസിഡ് ആക്രമണത്തിന് വിധേയനായ യുവാവ് മരിച്ചു


കോട്ടയം: മണിമല പൊന്തന്‍പുഴ വനത്തില്‍ ആസിഡ് ആക്രമണത്തിന് വിധേയനായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്ത്( 27) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11.30ന് ആണ് സുമിത് മരിച്ചത്.കേസില്‍ പ്രതികളായ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ ജി. പ്രസീദ് ( രാജു, 52) എന്നിവര്‍ റിമാന്‍ഡിലാണ്.

ഈ മാസം 13നാണ് സംഭവമുണ്ടായത്. മുന്‍വൈരാഗ്യം മൂലം സാബു ദേവസ്യയും പ്രസീദും യുവാവിനെ പൊന്തന്‍പുഴ വനത്തില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.പൊന്തമ്പുഴ വനത്തില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ആസിഡാക്രമണത്തെ തുടര്‍ന്ന് ഓടിയ യുവാവ് കോട്ടയം-പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ പ്ലാച്ചേരിയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്ക് എത്തി. ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവിന്റെ വായും മുഖവും ആസിഡ് വീണ് പൊള്ളലേറ്റ നിലയിലായിരുന്നു.

തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമിത്തിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.