കളക്ടര്‍ പരിശോധിച്ചില്ല; ഇരട്ട വോട്ട് പരാതിയില്‍ നിലപാട് കടുപ്പിച്ച് അടൂര്‍ പ്രകാശ്

കളക്ടര്‍ പരിശോധിച്ചില്ല; ഇരട്ട വോട്ട് പരാതിയില്‍ നിലപാട് കടുപ്പിച്ച് അടൂര്‍ പ്രകാശ്

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 100 ഇരട്ടവോട്ട് വീതം താന്‍ എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ ഈ കണക്ക് പോലും കളക്ടര്‍ പരിശോധിച്ചില്ല. അത് അംഗീകരിക്കാനാകില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശ് നല്‍കിയ ഇരട്ട വോട്ട് പരാതി നേരത്തെ കളക്ടര്‍ തള്ളിയിരുന്നു. തുടര്‍ന്ന് അടൂര്‍ പ്രകാശിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്തിമ വോട്ടര്‍പട്ടികയില്‍ 1.61 ലക്ഷം ഇരട്ടവോട്ടുകളാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിന്റെയും അന്തിമമാക്കുന്നതിന്റെയും ചുമതല ഇലക്ഷന്‍ കമ്മീഷനാണെങ്കിലും ഈ ജോലികള്‍ നിര്‍വഹിക്കുന്നത് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പട്ടിക തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും അവരുടെ രാഷ്ട്രീയ ചായ്‌വ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ടിന് സിപിഐഎം ശ്രമിക്കുമെന്ന് വടകരയിലും യുഡിഎഫും ആരോപിക്കുന്നത്. രണ്ട് ഹര്‍ജികളിലും ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി.ഗൗരവതരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി രണ്ട് ദിവസത്തിനകം മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ അധ്യക്ഷയായ അവധിക്കാല സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.