പൊലീസ് സ്റ്റേഷനിൽ കയറി പൊലീസുകാരെ ക്രൂരമായി മർദ്ദിച്ച് സൈനികർ, 16 ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്

പൊലീസ് സ്റ്റേഷനിൽ കയറി പൊലീസുകാരെ ക്രൂരമായി മർദ്ദിച്ച് സൈനികർ, 16 ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്


ഫോട്ടോ: പ്രതീകാത്മകം 

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ ആക്രമിച്ചതിന് മൂന്ന് ആർമി ഓഫീസർമാരടക്കം 16 സൈനികർക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊലീസ് സ്റ്റേഷനിലേക്ക് സൈനികർ ഇരച്ചുകയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ, പൊലീസുകാരെ ആക്രമിച്ചില്ലെന്ന് സൈന്യം അറിയിച്ചു. ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണുണ്ടായതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പൊലീസും പട്ടാളക്കാരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും പൊലീസുകാരെ മർദ്ദിച്ചെന്നുമുള്ള റിപ്പോർട്ടുകൾ അവാസ്തവമാണ്. പൊലീസും പ്രദേശിക സൈനിക വിഭാഗവും തമ്മിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിച്ചുവെന്നും പ്രതിരോധ വക്താവ് പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

അതേസമയം, ലഫ്റ്റനൻ്റ് കേണൽ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികരുടെ പേരിലാണ് പൊലീസ് കേസെടുത്തത്. കലാപം, കൊലപാതകശ്രമം, പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ​ഗുരുതക കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി കുപ്‌വാരയിലെ ബത്‌പോര ഗ്രാമത്തിലെ ഒരു ടെറിട്ടോറിയൽ ആർമി സൈനികൻ്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

രാത്രി 9:40 ഓടെ സൈനികർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും അവരെ ആക്രമിക്കുകയും ചെയ്തുവെന്ന് പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പറയുന്നു. യൂനിഫോം ധരിച്ചാണ് സൈനികർ പൊലീസ് സ്റ്റേഷനിലേക്ക് കയറിയത്. ഒരു പ്രകോപനവുമില്ലാതെ, പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ റൈഫിൾ കുറ്റികളും വടികളും ഉപയോഗിച്ച് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെയത്തിയപ്പോൾ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പരിക്കേറ്റ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തെന്നും പറയുന്നു. രക്ഷപ്പെടുന്നതിനിടയിൽ പൊലീസ് ഉദ്യോ​ഗസ്ഥനായ ഗുലാം റസൂലിനെ തട്ടിക്കൊണ്ടുപോയതായും പറയുന്നു. പരിക്കേറ്റ എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസുകാരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.