മഞ്ഞപ്പിത്തം; മരണസംഖ്യ ഉയരുന്നത് ആശങ്ക, വേങ്ങൂരിൽ 180 പേർക്ക് രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച

മഞ്ഞപ്പിത്തം; മരണസംഖ്യ ഉയരുന്നത് ആശങ്ക, വേങ്ങൂരിൽ 180 പേർക്ക് രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച


എറണാകുളം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി രോഗബാധ ഉയരുന്നതും മരണസംഖ്യ കുതിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ വർഷം മാത്രം സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയർന്നു. കഴിഞ്ഞ വർഷം കൊണ്ട് മരണപ്പെട്ട ആകെ ആളുകളുടെ എണ്ണം ഈ വർഷം അഞ്ച് മാസം പിന്നിടുമ്പഴേക്കും മറികടന്നതായും അത് ഇരട്ടിയായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വേനലിൽ വില്ലനായി മഞ്ഞപ്പിത്തം; ശ്രദ്ധിച്ചില്ലെങ്കിൽ ജീവനെടുക്കും, രോഗലക്ഷണവും പ്രതിരോധവും അറിയാം

സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. ഈ വർഷം ഇതുവരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ആകെ ചികിത്സ തേടിയവരുടെ എണ്ണം നാലായിരത്തിൽ താഴെ ആണെന്നതാണ് കൂടുതൽ ഗൗരവകരമായ കാര്യം.

മരണനിരക്ക് കുതിച്ചുയർന്നിട്ടുണ്ട് എന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ഏഴ് പേരാണ് കഴിഞ്ഞ വർഷം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. ഇക്കുറി ഇതുവരെ പതിമൂന്ന് പേരുടെ ജീവൻ നഷ്‌ടമായി. അതിൽ തന്നെ മലപ്പുറത്താണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത്. ജില്ലയിൽ ഇതുവരെ എട്ട് പേർ രോഗബാധ മൂലം മരണപ്പെട്ടു.

അതിനിടെ 180 പേർക്ക് എറണാകുളം വേങ്ങൂരിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്‌ചയാണെന്നാണ് കണ്ടെത്തൽ. ശുദ്ധീകരിക്കാത്ത കുടിവെള്ളമാണ് ഇവിടെ വിതരണം ചെയ്‌തത്. ഇതോടെ രോഗബാധിതരുടെ ചികിത്സാ സഹായമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ ഇന്ന് പഞ്ചായത്തില്‍ അവലോകന യോഗം ചേരുന്നുണ്ട്. ഇതിലാവും കൂടുതൽ കാര്യങ്ങളിൽ തീരുമാനം എടുക്കുക.


പഞ്ചായത്തിൽ രണ്ട് പേരാണ് മഞ്ഞപ്പിത്തം മൂലം മരണപ്പെട്ടത്. നിലവിൽ അമ്പതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ മൂന്നോളം പേർ ഗുരുതരാവസ്ഥയിലാണ്. കിണർ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന മേഖലയിൽ വാട്ടർ അതോറിറ്റിയെയാണ് കൂടുതൽ പേരും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.

മഞ്ഞപ്പിത്തം: ജാഗ്രത വേണം

സംസ്ഥാനത്ത് വ്യാപകമായി മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാരത്തിനു മുമ്പും ശേഷവും, മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ശീതളപാനിയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക, കിണറുകളിലും, കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തുക. വീടും പരിസരവും മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെ വൃത്തിയായി സൂക്ഷിച്ച് ഈച്ച പെരുകുന്നത് തടയുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.

രോഗബാധ ഉണ്ടെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചാൽ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും മറ്റും ധാരാളമായി കഴിക്കണം. കൂടുതൽ വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുത്തതും, തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ പ്രവർത്തികർ നിർദേശിക്കുന്നു.