പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക്

പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക്

പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി 11-നാണ് അപകടമുണ്ടായത്. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ ടെക്‌സ്‌റ്റൈൽസ് കമ്പനിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടം. പിടിയാനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു.

തിരുവനന്തപുരം-ചെന്നൈ മെയിൽ ആണ് ആനയെ ഇടിച്ചത്. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകൾ ചിതറിയോടി. ഇടിയേറ്റ ആന റെയിൽവേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കാണ് വീണത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് തീവണ്ടി 20 മിനിറ്റിലധികം നിർത്തിയിട്ടു.

അപകടം നടന്ന സ്ഥലത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. അതിനാൽ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു