വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും


കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും. സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവാദം അവസാനിപ്പിക്കാനായി എഐസിസി ഇടപെടുകയായിരുന്നു. സുധാകരന്റെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് ചുമതല ഏല്‍ക്കാന്‍ ഹൈക്കമാന്റ് അനുമതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, കെപിസിസി പ്രസിഡന്റ്‌ സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് കൊണ്ട് കെ സുധാകരൻ രംഗത്തെത്തി. ആലയിൽ നിന്ന് പശുക്കൾ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി പോയിരിക്കുന്നതെന്ന് കെ സുധാകരൻ വിമര്‍ശിച്ചു. സ്പോൺസർഷിപ്പ് ആണോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിക്ക് വിദേശത്ത് പോയപ്പോള്‍ സംസ്ഥാനത്തിന്റെ ചാർജ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. ഇടതുപക്ഷത്തിന് ആകെ ഉള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണത്തിനു പോകേണ്ടേ. എന്ത് രാഷ്‌ടീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫ് 20 ൽ 20 സീറ്റും തോൽക്കാൻ പോകുകയാണ്. അത് കാണാൻ സാധിക്കാതെ പോയതാകും മുഖ്യമന്ത്രിയെന്നും കെ സുധാകരൻ വിമര്‍ശിച്ചു.