എൻജിൻ തകരാർ; തലശ്ശേരിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി

പ്രതീകാത്മക ചിത്രം
കണ്ണൂർ: തലശ്ശേരിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി. കാഞ്ഞങ്ങാട്ടുനിന്ന് താനൂരിലേക്ക് പോകുന്ന ബോട്ടാണ് എൻജിൻ തകരാർ മൂലം കുടുങ്ങിയത്. രണ്ടുപേരാണ് ബോട്ടിലുള്ളത്. കോസ്റ്റൽ പൊലീസും നാവികസേനയും ചേർന്നു മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഹെലികോപ്ടര്‍ വഴി കരയ്‌ക്കെത്തിക്കാനാണു ശ്രമം നടക്കുന്നത്.
വൈകീട്ട് 9 മണിയോടെയാണ് ബോട്ട് കടലിൽ കുടുങ്ങിയ വിവരം കോസ്റ്റൽ പൊലീസിനു ലഭിക്കുന്നത്. തുടർന്ന് തലശ്ശേരി കോസ്റ്റൽ പൊലീസിലെ എട്ടംഗ സംഘം കടലിലേക്കു തിരിക്കുകയും ബോട്ടിനടുത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ബോട്ടിലുള്ളവരെ പുറത്തെത്തിക്കാൻ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് ഹെലികോപ്ടർ സഹായം തേടിയിരിക്കുകയാണ്.
കരയിൽനിന്ന് ആറ് കിലോമീറ്റർ അകലെ കടലിലാണ് ബോട്ട് കുടുങ്ങിയത്. ബോട്ടിലുള്ളവരുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നാണ് കോസ്റ്റൽ പൊലീസ് അറിയിച്ചത്.