തോരാതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; വീടുകളിൽ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി


തോരാതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; വീടുകളിൽ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി


ചേർത്തല: സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ തോരാതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയായിരുന്നു. തീരദേശ പ്രദേശങ്ങളിലാണ് കൂടുതൽ ദുരിതം നേരിട്ടത്. വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 

തങ്കി വടക്ക് കോനാട്ടുശേരി എൽപി സ്കൂളിൽ 23 പേരടങ്ങുന്ന ആറ് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. വെട്ടയ്ക്കൽ, തൈയ്ക്കൽ, ഒറ്റമശേരി, അംബേക്കർ കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലുമുള്ളത്. ഇവിടങ്ങളിലെ കൃഷികളും പൂർണമായും നശിച്ചു. അർത്തുങ്കൽ ഫിഷ് ലാന്റിംഗ്, കണിച്ചുകുളങ്ങര അന്നപ്പുര, പുത്തനങ്ങാടി എന്നിവിടങ്ങളിൽ വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതോടെ അഗ്നിശമന സേനയെത്തി വെള്ളം പമ്പ് ചെയ്ത് വറ്റിച്ചു. എഎസ് കനാൽ നിറഞ്ഞതോടെ സെന്റ് മേരീസ് പാലത്തിന് സമാന്തരമായി നിർമിച്ച ബണ്ട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കി. 

ഇന്ന് രാവിലെ ദേശീയ പാതയിൽ കാറ്റിൽ മരം കടപുഴകി വീണു. റോഡിലേയ്ക്ക് വീണ മരം അഗ്നിശമനസേന എത്തിയാണ് മുറിച്ച് മാറ്റിയത്. ഈ സമയം വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മരത്തിന് താഴെ പാർക്ക് ചെയ്തിരുന്ന ആറോളം വാഹനങ്ങൾക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. ഇവിടെ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ആലുങ്കൽ, തുറവൂർ ടിഡി സ്കൂൾ, ചേർത്തല കോടതി കവല, മാരാരിക്കുളം, ചെങ്ങണ്ട എന്നിവിടങ്ങളിൽ വൈദ്യുതി ലൈനിൽ മരം വീഴുകയും രണ്ടിടങ്ങളിൽ ട്രാൻസ്ഫോർമറിനും കേടുപാടുകൾ പറ്റുകയും ചെയ്തു.