അനധികൃത ക്ഷേത്രം പൊളിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി, 'ശിവന്‌ നമ്മുടെ സംരക്ഷണം ആവശ്യമില്ല' ; വെള്ളപ്പൊക്ക പ്രദേശത്തെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും ഒഴിപ്പിക്കണം

അനധികൃത ക്ഷേത്രം പൊളിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി, 'ശിവന്‌ നമ്മുടെ സംരക്ഷണം ആവശ്യമില്ല' ; വെള്ളപ്പൊക്ക പ്രദേശത്തെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും ഒഴിപ്പിക്കണം


ന്യൂഡല്‍ഹി: യമുനാ നദീതടത്തില്‍ അനധികൃതമായി നിര്‍മിച്ച ശിവക്ഷേത്രം പൊളിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ശിവന്‌ നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും യമുനാ നദീതടത്തിലെയും വെള്ളപ്പൊക്ക പ്രദേശങ്ങളിലെയും കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും ഒഴിവാക്കിയാല്‍ ശിവന്‍ കൂടുതല്‍ സന്തുഷ്‌ടനാകുമെന്നും ഹൈക്കോടതി പറഞ്ഞു.

ഗീതാ കോളനിയിലെ താജ്‌ എന്‍ക്ലേവിനു സമീപം സ്‌ഥിതി ചെയ്യുന്ന പ്രാചീന്‍ ശിവ്‌ മന്ദിര്‍ പൊളിക്കാനുള്ള ഉത്തരവ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പ്രചീന്‍ ശിവ്‌ മന്ദിര്‍ അവാം അഖാഡ സമിതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ജസ്‌റ്റിസ്‌ ധര്‍മേഷ്‌ ശര്‍മ്മയുടെ ഉത്തരവ്‌. പരമശിവന്‌ നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും മറിച്ച്‌ നമുക്കാണ്‌ അദ്ദേഹത്തിന്റെ സംരക്ഷണവും അനുഗ്രഹവും ആവശ്യമെന്നും വിധിയില്‍ പറയുന്നു.

സ്‌ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പുതിയ നിറം നല്‍കാനുള്ള ശ്രമമാണു ഹര്‍ജിയിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. 'ഹര്‍ജി നല്‍കിയ സൊസൈറ്റി 2018-ല്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ്‌. ഇവര്‍ക്ക്‌ ഭൂമിയുടെ ഉടമസ്‌ഥാവകാശം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.

ക്ഷേത്രത്തിന്‌ ചരിത്രപരമായ പ്രാധാന്യമുണ്ടെന്നതിനും തെളിവില്ല. ക്ഷേത്രം സൊസൈറ്റിയുടെ സ്വകാര്യ ക്ഷേത്രമല്ലെന്നും പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണെന്നും പറയുന്നുണ്ടെങ്കിലും അതിനും രേഖയില്ല. എല്ലാ ദിവസവും പ്രാര്‍ഥനയും ചില ആഘോഷങ്ങളും നടക്കുന്നു എന്നതുകൊണ്ടു മാത്രം ക്ഷേത്രം പൊതുപ്രാധാന്യമുള്ള സ്‌ഥലമായി മാറുന്നില്ല.-കോടതി വ്യക്‌തമാക്കി. ക്ഷേത്രത്തിലെ വിഗ്രഹങ്ങളും മറ്റു പൂജാവസ്‌തുക്കളും നീക്കം ചെയ്യാനും മറ്റേതെങ്കിലും ക്ഷേത്രത്തില്‍ സ്‌ഥാപിക്കാനും ഹരജിക്കാര്‍ക്കു ഹൈക്കോടതി 15 ദിവസം സമയം അനുവദിച്ചു.