വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി, മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണവും തുടങ്ങി


വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി, മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണവും തുടങ്ങി


തിരുവനന്തപുരം : സംസ്ഥാനത്ത് കൊടുംചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി പത്തു മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകും. ജല വിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കണമെന്നും ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്തു ഉപയോഗിക്കരുതെന്നും വാട്ടർ അതോരിറ്റിക്ക് കെഎസ്ഇബി നിർദ്ദേശം നൽകി. 

അതേ സമയം, വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ  കെഎസ്ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചു. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. മേഖലകളിൽ നിയന്ത്രണത്തിനു ചീഫ് എഞ്ചിനീയർമാരെ കെഎസ്ഇബി ചുമതലപ്പെടുത്തിയിരുന്നു.

ദേ കറണ്ട് പോയി, സെക്ഷൻ ഓഫീസിൽ വിളിച്ച് കിട്ടുന്നില്ലേ, കാരണം റസീവർ മാറ്റുന്നതല്ല, പരിഹാരമുണ്ടെന്നും കെഎസ്ഇബി

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ KSEB മാർഗനിർദ്ദേശം 

  1. രാത്രി 10 മുതൽ 2 വരെ വൈദ്യുതി ക്രമീകരണം 
  2. രാത്രി 9 ന് ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത് 
  3. വീടുകളിൽ എസി 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കണം

പൊള്ളും ചൂടിന്റെ കാലത്ത് തൽക്കാലം ലോഡ് ഷെഡ്ഡിംഗ് വേണ്ടെന്ന   നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കെഎസ്ഇബിയുടെ ലോഡ് ഷെഡ്ഡിംഗ്  എന്ന ആവശ്യം തളളിയ സർക്കാർ മറ്റ് നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നുണ്ടെന്നും സ്ഥിതി ഗുരുതരവുമാണെന്ന കെഎസ്ഇബിയുടെ നിലപാട് സർക്കാർ ഗൗരവത്തോടെ കാണുന്നു. കുറെക്കൂടി കാത്തിരുന്ന് സ്ഥിതി വിലയിരുത്താനാണ് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രിയടക്കം പങ്കെടുത്ത യോഗത്തിലെ തീരുമാനം. ലോഡ് ഷെഡ്ഡിംഗിന് പകരം ഉപഭോഗം നിയന്ത്രിക്കാൻ മറ്റ് എന്തെങ്കിലും നിർദ്ദേശം നൽകാൻ കെഎസ്ഇബിയോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.