പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് ഹര്‍ജി പരിഗണനയില്‍ ; തല്‍ക്കാലം അവഗണിച്ച് കോണ്‍ഗ്രസ്

പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് ഹര്‍ജി പരിഗണനയില്‍ ; തല്‍ക്കാലം അവഗണിച്ച് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തഘട്ടങ്ങള്‍ നടക്കാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നടപ്പാക്കിയത് തല്‍ക്കാലം അവഗണിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സിഎഎ വിഷയം സുപ്രീകോടതിയുടെ പരിഗണനയിലിരിക്കെ നടപ്പാക്കിയത് ചോദ്യം ചെയ്ത് ഹര്‍ജികള്‍ക്ക് ആലോചനയിരിക്കെയാണ് വിഷയം തല്‍ക്കാലം ശ്രദ്ധിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം എടുത്തിരിക്കുന്നത്.

തുടര്‍നടപടികള്‍ സ്റ്റേ ചെയ്യാനാണ് നീക്കം. സിഎഎക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമര്‍ശനം. പൗരത്വ ഭേദഗതി നിയമ(സി.എ.എ)പ്രകാരമുള്ള ആദ്യ സെറ്റ് പൗരത്വ സര്‍ട്ടിഫിക്കറ്റ് 14 പേര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തത്. നിയമത്തിന്റെ നടപടികള്‍ വിജ്ഞാപനംചെയ്ത് രണ്ടു മാസത്തിനു ശേഷമാണിത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഡല്‍ഹിയില്‍ അപേക്ഷകര്‍ക്കു പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. ഡയറക്ടര്‍ (ഐ.ബി), രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡനം നേരിട്ട മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്കു ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനായി 2019 ഡിസംബറിലാണു കേന്ദ്ര സര്‍ക്കാര്‍ സി.എ.എ. കൊണ്ടുവന്നത്.

ഇതുപ്രകാരം ഈ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ രേഖകളില്ലാത്ത മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വ അപേക്ഷയുടെ യോഗ്യതാ കാലയളവ് 11 വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമായി കുറച്ചു. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കാണ് ഇതനുസരിച്ച് പൗരത്വം നല്‍കുന്നത്. നിയമത്തിന് രാഷ്്രടപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷം ഈ വര്‍ഷം മാര്‍ച്ച് 11 ന് മാത്രമാണു നിയമത്തിന്റെ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്.