പക്ഷിപ്പനി; ഫാമിന് പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല, താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി

പക്ഷിപ്പനി; ഫാമിന് പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല, താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി


പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി. മുഴുവൻ താറാവുകളേയും കൊന്നൊടുക്കുന്ന ജോലി നാളെ പൂർത്തിയാകും. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളെ കൊല്ലുന്ന പ്രവൃത്തികൾ മറ്റെന്നാൾ തുടങ്ങും. അതേസമയം, ഫാമിന് പുറത്ത് പക്ഷിപ്പനി ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്‌ണൻ അറിയിച്ചു. 

പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ വൈറോളജി ലാബിലേക്കാണ് സാംപിളുകൾ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടെയാണ് താറാവുകളെ കൊന്നൊടുക്കൽ നടപടി ആരംഭിച്ചത്.