അസഭ്യവർഷവും; ആലപ്പുഴ എക്സ്പ്രസിൽ നിന്ന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

മദ്യപിച്ച് സഹയാത്രക്കാരനോട് അതിക്രമവും അസഭ്യവർഷവും; ആലപ്പുഴ എക്സ്പ്രസിൽ നിന്ന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു


ചെന്നൈ: തമിഴ്നാട്ടിൽ മദ്യപിച്ച് ട്രെയിനിൽ യാത്രക്കാരോട് അപമാര്യാദയായിപെരുമാറിയ രണ്ട് യുവാക്കൾ അറസ്റ്റിലായി. ആലപ്പുഴ എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം. ട്രെയിൻ തിരുപ്പൂർ സ്റ്റേഷനിൽ എത്തിയപ്പോൾ, യാത്രക്കാരുടെ പരാതിയിൽ റെയിൽവേ പൊലീസ് രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ ആകെ ആറ് യുവാക്കൾ സംഘത്തിൽ ഉണ്ടെന്നായിരുന്നു യാത്രക്കാരുടെ പരാതി. 

പിടിയിലായവരിൽ ഒരാൾ 17 വയസുകാരനാണ്.  മദ്യ ലഹരിയിലായ പ്രതികൾ ട്രെയിനിലിരുന്ന് യാത്രക്കാരെ അസഭ്യം പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈറോഡിൽ നിന്നാണ് യുവാക്കൾ ട്രെയിനിൽ കയറിയതെന്ന് പരാതി നൽകിയ മണികണ്ഠൻ എന്ന യാത്രക്കാരൻ പറഞ്ഞു. അപ്പോൾ മുതൽ മറ്റ് യാത്രക്കാരെ ശല്യം ചെയ്യാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോൾ ആക്രമിക്കുകയായിരുന്നു എന്നും പരാതിയിൽ ആരോപിച്ചു. 

പരാതിക്കാരനായ മണികണ്ഠൻ സഹോദരിക്കും ഭാര്യയ്ക്കും 14 ദിവസം പ്രായമായ മകൾക്കും ഒപ്പമാണ് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക്  ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. ഇവർക്ക് നേരെ യുവാക്കൾ അസഭ്യ വർഷം നടത്തുകയും ആക്രമിക്കുകയും ചെയ്തു. യുവാക്കളെ അറസ്റ്റ് ചെയ്ത റെയിൽവെ പൊലീസ് അസഭ്യം പറഞ്ഞതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.