ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീർക്കാൻ ഭേദഗതി വരുത്തിയ പുതിയ സർക്കുലർ ഇറക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീർക്കാൻ ഭേദഗതി വരുത്തിയ പുതിയ സർക്കുലർ ഇറക്കും


തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ് . യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് സമരം തീർക്കാൻ സർക്കുലർ ഉടൻ പുതുക്കി ഇറക്കുമെന്ന ഉറപ്പ് നൽകിയത്. ഹൈക്കോടതി സർക്കുലർ സ്റ്റേ ചെയ്തില്ലെങ്കിലും ഡ്രൈവിങ് സ്കൂള്‍ യൂണിയനുകളുടെ സമരം മൂലം ഇന്നും ടെസ്റ്റുകൾ മുടങ്ങിയിരുന്നു. രാഷ്ട്രീയ സമ്മർദ്ദവും ഗതാഗതവകുപ്പിന്‍റെ അനുനയത്തിന്‍റെ കാരണമായി. സമരം തുടര്‍ന്നതോടെയാണ് കടുപിടുത്തം വിട്ട് മന്ത്രി കെബി ഗണേഷ്കുമാര്‍ ചര്‍ച്ച നടത്താനുള്ള നിര്‍ദേശം നല്‍കിയത്.


സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ ആവശ്യം ഹൈക്കോടതി ഇന്ന് അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ ഗതാഗതവകുപ്പിന്‍റെ വാദം ബലപ്പെട്ടെങ്കിലും സമരം അവസാനിപ്പിക്കുന്നതിനായി അനുനയത്തിന് ഗതാത വകുപ്പ് തയ്യാറാവുകയായിരുന്നു. ഡ്രൈവിങ് ടെസ്റ്റ് മുടങ്ങുന്നത് വലിയൊരു സാമൂഹ്യപ്രശ്നമായി മാറിയത് സർക്കാറിനെയും വെട്ടിലാക്കി. ടെസ്റ്റ് നടക്കാത്തത് പലരുടേയും തൊഴിലന്വേഷണത്തെ അടക്കം ബാധിക്കുന്ന സ്ഥിതിയായി. ഇടത് യൂണിയനുകൾ തന്നെ സമരം നയിച്ചതും  പ്രതിസന്ധിയുണ്ടാക്കി. ഇക്കാരണങ്ങളെല്ലാം വിട്ടുവീഴ്ചക്ക് കാരണമായി. 


ഉന്നത രാഷ്ട്രീയ ഇടപെടലും ഭേദഗതി വരുത്തുന്നതിന് നിര്‍ണായകമായി. ഒടുവിൽ പോര് വിട്ട് ഗതാഗതമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യൂണിയനുകളുമായി ചർച്ചക്ക് തയ്യാറായത്.പ്രതിദിന ലൈസൻസ് 30 ൽ നിന്നും നാല്പത് ആയി ഉയർത്തണമെന്നും 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിനായി ഉപയോഗിക്കരുതെന്നമുള്ള നിർദ്ദേശങ്ങളിൽ ഭേദഗതിക്ക് സാധ്യതയുണ്ട്.

പുതിയ ട്രാക്ക് ഒരുക്കും വരെ നിലവിലെ ട്രാക്കിൽ എച്ച് ടെസ്റ്റ് നടത്തുന്നതും പരിഗണിക്കും. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ നിർബന്ധമെന്ന നിർദ്ദേത്തിലും ഇളവ് വന്നേക്കും. പുതിയ സർക്കുലർ ഇന്ന് വൈകീട്ട് ഇറക്കാനാണ് നീക്കം. സർക്കുലർ ഇറങ്ങാൻ കാത്തിരിക്കുകയാണ് യൂണിയനുകൾ. ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ലെന്നും വൈകിട്ട് അറിയിക്കാമെന്നുമാണ് ഗതാഗത വകുപ്പ് അറിയിച്ചതെന്നുമാണ് നേരത്തെ യൂണിയൻ പ്രതിനിധികല്‍ പ്രതികരിച്ചിരുന്നത്. ഇന്നലത്തെ പോലെ ഇന്നും സംസ്ഥാനത്താകെ ടെസ്റ്റ് മുടങ്ങി. സ്ളോട്ട് ലഭിച്ചവരാരും വന്നില്ല. യൂണിയനുകൾ പ്രതിഷേധവുമായി കേന്ദ്രങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. മുട്ടത്തറയിൽ സർക്കുലർ കത്തിച്ച് കഞ്ഞിവെച്ച് പ്രതിഷേധിച്ചു.