അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി; മൂന്ന് മക്കളേയും കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി

അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി; മൂന്ന് മക്കളേയും കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി


ലക്നൗ: കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. 45 വയസ്സുള്ള അനുരാഗ് സിംഗ് എന്നയാണ് തൻ്റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചെന്ന വാർത്ത പുറത്ത് വന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പാലാപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. 

അമ്മയേയും ഭാര്യയേയും മക്കളേയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയെ വെടിവച്ചു കൊല്ലുകയും ഭാര്യയെ സ്ലെഡ്ജ് ഹാമർ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് തൻ്റെ മൂന്ന് കുട്ടികളെ വീടിന് മുകളിൽ നിന്ന് താഴോട്ട് എറിഞ്ഞും കൊലപ്പെടുത്തി. മൂന്ന് മക്കളേയും കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം, പ്രതി മദ്യപാനിയും മാനസിക വിഭ്രാന്തിയുള്ളവനുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയ്ക്ക് 40 വയസ്സും അമ്മയ്ക്ക് 65 വയസ്സുമാണുള്ളത്. 12, ഒമ്പത്, ആറ് വയസ്സുള്ള മൂന്ന് കുട്ടികളും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പൊലീസും എഫ്എസ്എൽ സംഘവും അന്വേഷണം നടത്തിവരികയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.