നാലു വയസുകാരനെ കൊലപ്പെടുത്തിയശേഷം പിതാവ്‌ തൂങ്ങിമരിച്ചു

നാലു വയസുകാരനെ കൊലപ്പെടുത്തിയശേഷം പിതാവ്‌ തൂങ്ങിമരിച്ചു


വരാപ്പുഴ: നാലുവയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ്‌ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്‌ക്കു താമസിക്കുന്ന മലപ്പുറം ആതവനാട്‌ കോരന്തൊടിയില്‍ ഷെരീഫാണ്‌ (41) മകന്‍ അല്‍ ഷിഫാസിനെ തൂക്കിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഭാര്യ ഖദീജയുമായുള്ള അഭിപ്രായഭിന്നതയാണു കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു.
മൂന്നാഴ്‌ച മുമ്പാണ്‌ പത്തനംതിട്ട സ്വദേശി വര്‍ഗീസ്‌ കളിക്കല്‍ എന്നയാളുടെ മണ്ണംതുരുത്തിലെ വീട്‌ ഷെരീഫ്‌ വാടകയ്‌ക്കെടുത്തത്‌. സമീപത്തു താമസിക്കുന്നവര്‍ക്കൊന്നും ഇവരെക്കുറിച്ച്‌ യാതൊരറിവുമില്ല. വളാഞ്ചേരി ആതവനാട്ടില്‍ ഷെരീഫിനു കോഴിക്കച്ചവടമായിരുന്നു. ചാവക്കാട്‌ സ്വദേശിനി ഖദീജയെ ആറുവര്‍ഷം മുമ്പാണ്‌ ഇയാള്‍ വിവാഹം കഴിച്ചത്‌.
ഇരുവര്‍ക്കും ആദ്യവിവാഹങ്ങളില്‍ മൂന്നു കുട്ടികള്‍ വീതമുണ്ട്‌. മരിച്ച അല്‍ ഷിഫാസ്‌ ഇവരുടെ മകനാണ്‌. വരാപ്പുഴയിലെ വാടകവീട്ടില്‍ ഖദീജ ഇവര്‍ക്കൊപ്പം താമസിച്ചിരുന്നില്ല. ആലുവ മുട്ടത്തുള്ള ഫ്‌ളാറ്റിലാണ്‌ ഖദീജയുടെ താമസം. സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതായും മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്ന്‌ ഷെരീഫ്‌ പറഞ്ഞതായും സൂചനയുണ്ട്‌.
മുകളിലത്തെ മുറിയിലെ ഹുക്കില്‍ മകനെ പ്ലാസ്‌റ്റിക്‌ കയറില്‍ തൂക്കി കൊലപ്പെടുത്തിയശേഷം ഷെരീഫ്‌ ഷാളില്‍ തൂങ്ങിമരിച്ചെന്നാണു പോലീസിന്റെ നിഗമനം. സംഭവമറിഞ്ഞ്‌ വരാപ്പുഴ പോലീസ്‌ വീട്ടിലെത്തുമ്പോള്‍ ഖദീജയും അവിടെയുണ്ടായിരുന്നു. എന്നാല്‍ വീടിനകത്തേക്കു കയറാന്‍ പോലീസ്‌ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്ന്‌ ഇവര്‍ തിരിച്ചുപോയി. സാമൂഹികമാധ്യമങ്ങളില്‍ ദിയ ഗൗഡ എന്ന പേരില്‍ പ്രശസ്‌തയാണു ഖദീജ. പാല്‍പ്പായസം എന്ന പേരിലുള്ള ഹ്രസ്വചിത്രത്തില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്‌.