ഗുജറാത്ത് സർക്കാരിൽ വിശ്വാസമില്ല; ഇത്രയും കാലം ഉറങ്ങുകയായിരുന്നോ; രാജ്കോട്ട് തീപിടിത്ത കേസിൽ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി


ഗുജറാത്ത് സർക്കാരിൽ വിശ്വാസമില്ല; ഇത്രയും കാലം ഉറങ്ങുകയായിരുന്നോ; രാജ്കോട്ട് തീപിടിത്ത കേസിൽ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി


ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്‍ററിന് തീപിടിച്ച് 28 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ വിമർശനമുയര്‍ത്തി ഹൈക്കോടതി. പ്രാദേശിക ഭരണകൂടത്തിലും സർക്കാരിലും വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു. ഒരു സ്ഥാപനം രണ്ടര വർഷമായി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്നു. ഇത്രയും കാലം സർക്കാർ ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു.

അപകടം നടന്ന ഗെയിമിംഗ് സെന്‍ററിൽ മുനിസിപ്പൽ ഉദ്യോഗസ്ഥർ പോയ ഫോട്ടോ കോടതിയിലെത്തി. ഉദ്യോഗസ്ഥർ ആഘോഷിക്കാൻ പോയതായിരുന്നോ എന്ന് കോടതി ചോദിച്ചു. അഹമ്മദാബാദിലെ വേറെ രണ്ട് ഗെയിമിംഗ് സോണുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനീഷ ലുവ് കുമാർ ഷാ കോടതിയിൽ പറഞ്ഞു. ഇക്കാര്യങ്ങൾ അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

അതേസമയം രാജ്കോട്ട് മുനിസിപ്പൽ കോർപറേഷനിലെ ഏഴ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ വിഭാഗത്തിലെ സ്റ്റേഷൻ ഓഫീസർ രോഹിത് വിഗോറയെയും സസ്‌പെൻഡ് ചെയ്തു. ടിആർപി ഗെയിം സെന്റർ സഹ ഉടമ രാഹുൽ റാത്തോഡിനെ അറസ്റ്റ് ചെയ്തു. ഗെയിമിങ് സെന്‍ററിന്‍റെ മറ്റൊരു ഉടമ യുവരാജ്‌സിങ് സോളങ്കിയും മാനേജരും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.