സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു ; അരവിന്ദ് കെജ്‌രിവാള്‍ പുറത്തേക്ക്

സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു ; അരവിന്ദ് കെജ്‌രിവാള്‍ പുറത്തേക്ക്ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. ജയിലിലാക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കി. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചായിരുന്നു കെജ്രിവാളിന് ജാമ്യം നല്‍കിയത്. ജൂണ്‍ 1 വരെ കെജ്‌രിവാളിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കാം. ജൂണ്‍ 2 ന് ജയിലിലേക്ക് മടങ്ങേണ്ടിയും വരും.

തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കെജ്രിവാളിന് ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ മനു അഭിഷേക് സ്വിംഗ്‌വി കോടതിയില്‍ വാദിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുക എന്നത് ഒരു പൗരന്റെ മൗലീകാവകാശം അല്ലെന്ന വാദം ഉന്നയിച്ച് ഇ.ഡി. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജൂണ്‍ 1 നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുക.

ബിജെപിയുടെ എതിരാളിയായ ഇന്ത്യാ സഖ്യത്തിനും ഇത് ഗുണമാണ്. ഇതോടെ അടുത്ത രണ്ടാഴ്ച ഡല്‍ഹിയില്‍ കെജ്‌രിവാളിന് പ്രചരണത്തിന് ഇറങ്ങാനാകും. ഇത് ആംആദ്മി പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജമായി മാറുകയും ചെയ്യും. ഇ.ഡി.ക്ക് വലിയ തിരിച്ചടിയാണ് വിധി. മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലാകുകയും ജയിലിലേക്ക് അടയ്ക്കപ്പെടുകയും ചെയ്യുന്ന രാജ്യത്തെ തന്നെ ആദ്യയാളായിട്ടാണ് ജയിലിലേക്ക് പോയതോടെ കെജ്‌രിവാള്‍ മാറിയത്.

തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കെജ്‌രിവാളിനെ ഇ.ഡി. ജയിലിലാക്കിയതെന്നത് വലിയ വിമര്‍ശനത്തിന് കാരണമായി. മാർച്ച് 21 നാണ് കെജ്രിവാൾ അറസ്റ്റിലായത്. മെയ് 25 നാണ് ഡല്‍ഹി വോട്ടെടുപ്പിലേക്ക് പോകുക. ഈ സമയത്ത് കെജ്രിവാളിമെന്റ മോചനം എതിരാളികള്‍ക്ക് വലിയ തിരിച്ചടിയായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്. ജൂണ്‍ 4 നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.