മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി


അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

അരവിന്ദ് കെജ്രിവാളിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ കോടതിയ്ക്ക് നിയമപരമായ അധികാരമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയ്ക്ക് ഇടപെടാമെന്നും കോടതി അറിയിച്ചു. മദ്യനയ അഴിമതി കേസില്‍ കസ്റ്റഡിയിലെടുത്ത കെജ്രിവാളിന് വെള്ളിയാഴ്ചയാണ് ഇടക്കാല ജാമ്യം നല്‍കിയത്.

21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കെജ്രിവാളിന് കോടതി അനുവദിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നിന് കെജ്രിവാളിന്റെ ജാമ്യം അവസാനിക്കും. തുടര്‍ന്ന് ജൂണ്‍ രണ്ടിന് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയ കോടതി മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് അനുവാദമില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.