'ഫ്രീ ഫലസ്തീന്‍' പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ യു.എസ്, കൂട്ട അറസ്റ്റ്;സകല പ്രതിബന്ധങ്ങളും തകര്‍ത്ത് കരുത്താര്‍ജ്ജിച്ച് പ്രതിഷേധം


'ഫ്രീ ഫലസ്തീന്‍' പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ യു.എസ്, കൂട്ട അറസ്റ്റ്;സകല പ്രതിബന്ധങ്ങളും തകര്‍ത്ത് കരുത്താര്‍ജ്ജിച്ച് പ്രതിഷേധം

  വാഷിങ്ടണ്‍: ഫലസ്തീന് വേണ്ടി കയ്യുയര്‍ത്തി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയപ്പോള്‍ ലോക സിംഹാസനങ്ങള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. അധികാര വര്‍ഗങ്ങള്‍ പടുത്തുയര്‍ത്തിയ സകല വേലിക്കെട്ടുകളും തകര്‍ത്ത് തങ്ങള്‍ക്കു നേരെ ചൂണ്ടിയ തോക്കിനു മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന് ഉച്ചത്തില്‍ അവര്‍ ഫലസ്തീനായി കരുത്തോടെ മുഷ്ട ഉയര്‍ത്തുമ്പോള്‍ വിറകൊള്ളുന്നത് ആകാശങ്ങളോളം പടുത്തുയര്‍ത്തിയ സാമ്രാജ്യങ്ങളാണ്. അതുകൊണ്ടു തന്നെ സര്‍വ്വ ശക്തിയുമെടുത്ത് സമരക്കാരെ അടിച്ചമര്‍ത്തുകയാണ് യു.എസ് ഉള്‍പെടെ ഭരണകൂടങ്ങള്‍. എന്നാല്‍ ഏത് എതിര്‍പ്പുകളും പാഴാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു വിദ്യാര്‍ഥികള്‍. 

അമേരിക്കയിലെ കൊളംബിയ, സിറ്റി സര്‍വ്വകലാശാലകളില്‍ കൂട്ട അറസ്റ്റാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 400 ഓളം പേരാണ് ഇവിടെ അറസ്റ്റിലായത്.കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പൊലിസ് ഒഴിപ്പിച്ചു. ഹാമില്‍ട്ടന്‍ ഹാളിന്റെ രണ്ടാംനിലയിലേക്ക് ഇരച്ചുകയറിയ പൊലിസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ കയ്യടക്കുകയും ഗാസയിലെ ഇരകളുടെ ബഹുമാനാര്‍ത്ഥം 'ഹിന്ദ്‌സ് ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. ഫലസ്തീനില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞു പെണ്‍കുട്ടിയാണ് ഹിന്ദ്. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്ന സര്‍വകലാശാല നടപടി തുടര്‍ന്ന് കൊണ്ടിരിക്കെയായിരുന്നു വിദ്യാര്‍ഥികളുടെ നീക്കം.

വിസ്‌കോണ്‍സിന്‍മാഡിസന്‍ സര്‍വകലാശാലയിലും പൊലിസ് നടപടിയുണ്ടായി. വിസ്‌കോണ്‍സിന്‍മാഡിസണ്‍ സര്‍വകലാശാലയില്‍ കുറഞ്ഞത് ഒരു ഡസന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. സര്‍വകലാശാല ലൈബ്രറിക്ക് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലുമായി മുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് അറിയിച്ചു. അതേസമയം, സര്‍വകലാശാലകളിലെ പൊലിസ് നടപടിയെ പിന്തുണച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. 'കൊളംബിയയിലെ പൊലിസ് നടപടി കാണാന്‍ മനോഹരമായിരിക്കുന്നു' എന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞത്. 

അതേസമയം, കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റിയില്‍ ഗാസ അനുകൂല പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്‌റാഈല്‍ അനുകൂല വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരെ ഇസ്‌റാഈല്‍ അനുകൂല വിദ്യാര്‍ഥികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. ടെന്റുകള്‍ തകര്‍ക്കുന്നതിന്റേയും മറ്റും വീഡിയോ പുറത്തു വന്നിട്ടുണ്ട്. 


ഫലസ്തീന്‍ അനുകൂല സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ പുറത്താക്കിയതോടെയാണ് പ്രതിഷധം ശക്തമായത്. ഫലസ്തീനിലെ വംശഹത്യക്കെതിരെ അമേരിക്കയിലെ കാമ്പസുകളില്‍ തമ്പ് കെട്ടി സമരം നടത്തുന്ന തൊള്ളായിരത്തിലധികം വിദ്യാര്‍ഥികളെ അമേരിക്കന്‍ പൊലീസ് തുറുങ്കിലടച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്‌റാഈലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും ഇസ്‌റാഈലില്‍ നിന്ന് യൂണിവേഴ്‌സിറ്റികള്‍ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങള്‍ സുതാര്യമാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളില്‍ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്. പകുതിവഴിയില്‍ പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ല എന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം.