പ്രവാസി യാത്രക്കാരെ വീണ്ടും ബുദ്ധിമുട്ടിലാക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ് ; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

പ്രവാസി യാത്രക്കാരെ വീണ്ടും ബുദ്ധിമുട്ടിലാക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ് ; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി
ദുബായ് : പ്രവാസി യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി  മസ്കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇത് യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി.

ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സർവ്വീസുകളാണ് റദ്ദാക്കിയത്.മെയ് 29 മുതല്‍ മെയ് 31 വരെയുള്ള കോഴിക്കോട് – മസ്കറ്റ് സർവീസ്, മെയ് 30 മുതല്‍ ജൂണ്‍ ഒന്നു വരെ മസ്കറ്റില്‍ നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള സർവ്വീസ്‌, മെയ് 31-ന് കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചുമുള്ളസർവ്വീസ് എന്നിവയും റദ്ദാക്കി.

ഈ മാസം 30-നുള്ള തിരുവനന്തപുരം – മസ്കറ്റ്, മസ്കറ്റ് – തിരുവനന്തപുരം സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ജൂണ്‍ 8, 9 ദിവസങ്ങളിലെ തിരുവനന്തപുരം- മസ്കറ്റ്, കോഴിക്കോട്- മസ്കറ്റ് സർവ്വീസുകള്‍ ലയിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് പോയി അവിടെ നിന്നും മസ്കറ്റിലേക്കാകും പുതിയ റൂട്ട്.ജൂണ്‍ 8, 9 ദിവസങ്ങളിലെ മസ്കറ്റ് – കോഴിക്കോട്, മസ്കറ്റ് – തിരുവനന്തപുരം സർവ്വീസുകളും ലയിപ്പിച്ചു.

മസ്കറ്റില്‍ നിന്നും കോഴിക്കോട് പോയി അവിടെ നിന്നും തിരുവനന്തപുരത്തേയ്‌ക്കാണ് പുതിയ റൂട്ട്. ഓപ്പറേഷണല്‍ കാരണങ്ങള്‍ കൊണ്ടാണ് മാറ്റമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.