ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയറിൽ കഴുത്ത് കുരുങ്ങി അപകടം: ബൈക്ക് യാത്രികൻ മരിച്ചു

ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയറിൽ കഴുത്ത് കുരുങ്ങി അപകടം: ബൈക്ക് യാത്രികൻ മരിച്ചു


ആലുവ: ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണ മരണം. ഇന്ന് രാവിലെ ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. കുന്നുകര സ്വദേശി ഫഹദ് ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്കെതിരെ ആലുവ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക്  കേസ് എടുത്തു. 

ആലുവ അമ്പാട്ടുകാവിലെ യു (U) വളവിലായിരുന്നു അപകടം. മരിച്ച ഫഹദിന് 19 വയസായിരുന്നു പ്രായം. കളമശ്ശേരി ഭാഗത്ത് നിന്ന് കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വരികയായരുന്നു കെ.എൽ ബിയു 8754 നമ്പർ ഓട്ടോറിക്ഷ. യു വളവിൽ എത്തിയപ്പോൾ  മുന്നിലുള്ള ഓട്ടോ റിക്ഷ റോഡ് കുറുകേ കടന്ന് നീങ്ങി.  കേടുപാടുള്ള ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് നിങ്ങി. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ ഫഹദ് ഓട്ടോകളെ ബന്ധിപ്പിച്ച കയർ കാണാതെ ഇടയിലൂടെ മുന്നോട്ട് പോയി. ഇതിനിടെയാണ് കഴുത്തിൽ കയർ കരുങ്ങി റോഡിലേക്ക് തെറിച്ച് വീണത്. ഫഹദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.  സംഭവത്തിൽ ഓട്ടോ ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിലാണ് ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയതിന് മനപൂർവ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ അടക്കമുള്ള  വകുപ്പ് ചേർത്താണ് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.