കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; മരണ കാരണം അറിയാൻ പോസ്റ്റ്മോര്‍ട്ടം നടത്തും

കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; മരണ കാരണം അറിയാൻ പോസ്റ്റ്മോര്‍ട്ടം നടത്തും


പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.