താക്കോൽ കാറിനകത്ത് പെട്ടു, സ്പെയർ കീയുമില്ല; കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്

താക്കോൽ കാറിനകത്ത് പെട്ടു, സ്പെയർ കീയുമില്ല; കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്

കൊച്ചി: കാറിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷകനായി ഫയർഫോഴ്സ്. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസ്സിക്കുന്ന ഷാജുവിന്റെ മകൻ ഋ്തിക് ആണ് അബദ്ധവശാൽ കാറിൽ കുടുങ്ങിയത്. രാവിലെ 8 മണിയോടെയാണ് സംഭവം.

അബദ്ധവശാൽ കുഞ്ഞ് കാറിനകത്ത് പെട്ടുപോവുകയായിരുന്നു. എന്നാൽ താക്കോൽ കാറിനകത്തായത് കാർ തുറക്കുന്നതിന് വെല്ലുവിളിയായി. കാറിന് സ്പെയർ കീയും ഇല്ലായിരുന്നത് പ്രശ്നം ഗുരുതരമാക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഏലൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിൻ്റെ ഡോർ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഉളക്കി മാറ്റി കൈയിട്ട് ഡോർ തുറന്നായിരുന്നു കുട്ടിയെ രക്ഷിച്ചത്.

അതേസമയം, കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഏലൂരിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസ്സർ ഡി ഹരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനിമോൻ, എംവി സ്റ്റീഫൻ, എസ്എസ് നിതിൻ, വിപി സ്വാഗത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചെറിയ കുട്ടികളുളള വീട്ടിൽ വാഹനങ്ങളുടെ സ്പെയർ കീ കരുതണമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി.