ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടു; അപലപിച്ച് യുഎൻ സെക്രട്ടറി

ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടു; അപലപിച്ച് യുഎൻ സെക്രട്ടറി


യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. ഉദ്യോ​ഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം റാഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ടയാളുടെ ഐഡൻ്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യയിൽ നിന്നുള്ളയാളാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോ​ഗസ്ഥൻ. ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ അന്താരാഷ്ട്ര യുഎൻ ജീവനക്കാർക്കിടയിലെ ആദ്യത്തെ അപകടമാണിത്. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുഎൻ വാഹനം ഇടിച്ചുണ്ടായ സംഭവത്തിൽ മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. 

സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് രം​ഗത്തെത്തി. യുഎൻ ഉദ്യോഗസ്ഥർക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സെക്രട്ടറി ജനറലിൻ്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ട ജീവനക്കാരൻ്റെ കുടുംബത്തിന് ഗുട്ടെറസ് അനുശോചനം അറിയിച്ചു. ഗാസയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് മാത്രമല്ല, അടിയന്തര വെടിനിർത്തലിനും എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള അടിയന്തര അഭ്യർത്ഥന സെക്രട്ടറി ജനറൽ ആവർത്തിച്ചു.