കേരളത്തിലെ ക്ഷേത്രങ്ങളില്‍ യാഗങ്ങളും മൃഗബലിയും ; കര്‍ണാടക മുഖ്യമന്ത്രിയെയും തന്നെയും നശിപ്പിക്കാന്‍ നോക്കുന്നെന്ന് ശിവകുമാര്‍


കേരളത്തിലെ ക്ഷേത്രങ്ങളില്‍ യാഗങ്ങളും മൃഗബലിയും ; കര്‍ണാടക മുഖ്യമന്ത്രിയെയും തന്നെയും നശിപ്പിക്കാന്‍ നോക്കുന്നെന്ന് ശിവകുമാര്‍


ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും തകര്‍ക്കാന്‍ കേരളത്തില്‍ കൂടോത്ര ശ്രമങ്ങള്‍ നടക്കുന്നതായി കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ക്ഷേത്രങ്ങളില്‍ യാഗവും മൃഗബലിയും പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് ശരിക്കറിയാമെന്നും രാഷ്ട്രീയ എതിരാളികളാണെന്നും ശിവകുമാര്‍ പറഞ്ഞു.

അഘോരികളെ ഉപയോഗിച്ചുള്ള പൂജകളാണ് നടക്കുന്നതെന്നും ശത്രു ഭൈരവിയാഗം,(അഗ്‌നിബലി) പഞ്ചബലി എന്നീ കര്‍മങ്ങളാണ് നടത്തുന്നത്. ചുവന്ന ആട്, 21 എരുമകള്‍, മൂന്ന് കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവ അഗ്‌നിയാഗത്തിനായി ഉപയോഗിച്ചതായും പറഞ്ഞു. കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ച് നടന്ന യാഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും പറഞ്ഞു.

തനിക്കും മുഖ്യമന്ത്രിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗങ്ങള്‍ നടത്തുന്നത്. ഇപ്പോഴും നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുത്തവരില്‍ നിന്ന് തനിക്ക് അതിനെക്കുറിച്ച് അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ടെന്നും ശിവകുമാര്‍ അവകാശപ്പെട്ടു. എന്നാല്‍ എല്ലാ ദോഷങ്ങളെയും തടയാന്‍ താന്‍ വിശുദ്ധനൂല്‍ കൈത്തണ്ടയില്‍ കെട്ടിയിട്ടുണ്ടെന്നും പറഞ്ഞു. ആരുടെയും പേര് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയപരമായി വന്ന ശത്രുക്കളാണ് ഇതിന് പിന്നില്‍. ശത്രുക്കളുടെ ആജ്ഞ പ്രകാരമാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.