ജൂൺ ഒന്നുമുതൽ പേരാവൂരിൽ ട്രാഫിക് പരിഷ്ക്കരണം

പേരാവൂർ : അനധികൃത പാർക്കിംഗ് മൂലം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന പേരാവൂർ ടൗണിൽ ജൂൺ ഒന്നു മുതൽ ട്രാഫിക് പരിഷ്കരണം നടപ്പിൽ വരും. കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് പേരാവൂർ ടൗണിൽ വ്യാഴാഴ്ച രാവിലെ മുതൽ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നാൽ പുതിയ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതോടെ ജൂൺ ഒന്നു മുതൽ കൊട്ടിയൂർ റോഡിൽ പുതിയ ബസ്റ്റാൻഡ് മുതൽ ടൗൺ കവല വരെ റോഡിന് ഇരുവശവും, ഇരിട്ടി റോഡിൽ മുസ്ലിം പള്ളിയോട് ചേർന്ന ഭാഗത്തും, മാലൂർ റോഡിൽ എംപി യുപി സ്കൂൾ വരെയുള്ള റോഡിന് ഇരുവശത്തും , താലൂക്കാശുപത്രി റോഡിനോട് ചേർന്നും പുതിയ ബസ്റ്റാന്റിലേക്കും, പുറത്തേക്കുമുള്ള റോഡിൽ ഇരു വശവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. എന്നാൽ കൊട്ടിയൂർ റോഡിൽ പ്രകാശ് ജ്വല്ലറി മുതൽ മൗണ്ട് കാർമൽ ഗ്രോട്ടോ വരെയുള്ള ഭാഗത്തും, രാജധാനി ഹോട്ടൽ പരിസരത്തും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം. രാവിലെ 9 മണി മുതൽ പത്തുമണിവരെയും വൈകിട്ട് 5 മണി മുതൽ ആറുമണിവരെയും വലിയ വാഹനങ്ങളിൽ ഉള്ള കയറ്റിറക്കവും അനുവദിക്കില്ല. തലശ്ശേരി റോഡിൽ പൊലീസ് സ്റ്റേഷൻ മുതൽ കുനിത്തല മുക്കുവരെയുള്ള ഭാഗത്ത് നടപ്പാതയില്ലാത്തതും റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഇത് അപകടങ്ങൾക്കും വഴിയൊരുക്കും. ബാങ്ക് ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതിനാൽ നിരവധി ആളുകളാണ് കാൽനടയായി ഇതുവഴി യാത്ര ചെയ്യുന്നത്. എന്നാൽ ഇത് വഴിയുള്ള കാൽനടയാത്ര സുഗമമാക്കാനുള്ള നടപടികൾ ഒന്നും തന്നെ ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല. എങ്കിലും ജൂൺ ഒന്നു മുതൽ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്കരണത്തിൽ ടൗണിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.