പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കി പാർക്ക്; ഒരുമക്കിത് മാതൃകാ പ്രവർത്തനം

പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കി പാർക്ക്; ഒരുമക്കിത് മാതൃകാ പ്രവർത്തനം 


ഇരിട്ടി: പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കി പാർക്ക് നിർമിക്കുക എന്നത് വള്ളിത്തോട്  ഒരുമ റെസ്ക്യൂ ടീമിന്  ഒരു മാതൃകാ പ്രവർത്തനമാണ്. സന്നദ്ധ ദുരന്ത നിവാരണ സേനയായ ഒരുമ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ ഇക്കുറി പാഴ് വസ്‌തുക്കൾ പ്രധാനമായും ഉപയോഗപ്പെടുത്തി വള്ളിത്തോട് കുടുംബാരോഗ കേന്ദ്രത്തിനു സമീപം തലശ്ശേരി - കുടക് സംസ്‌ഥാനാന്തര പാതയിൽ നിർമ്മിച്ചത് ഇത്തരത്തിലുള്ള  നാലാമത് പാർക്കാണ്. 
 നേരത്തെ വള്ളിത്തോട് മാർക്കറ്റ് സ്‌ഥലത്തെ 2 ഇടങ്ങളിലും എഫ്എച്ച്‌സി ബസ് സ്‌റ്റോപ്പ് പരിസരത്തും മാലിന്യങ്ങൾ തള്ളുന്ന പ്രദേശങ്ങൾ ശുചിയാക്കി ചെടികളും ഫലവൃക്ഷത്തൈകളും വച്ചു പിടിപ്പിച്ചിരുന്നു. 'അഴക്കിൽ നിന്നു അഴകിലേക്ക് - ചില്ല' എന്നു പേരിട്ട പദ്ധതി പ്രകാരം ആണു ഒരുമയുടെ 70 ഓളം വരുന്ന സന്നദ്ധ പ്രവർത്തകർ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രവർത്തനം നടത്തുന്നത്.
പുതിയ പാർക്കിൽ ഊഞ്ഞാൽ ഉൾപ്പെടെ സജ്‌ജീകരിച്ചിട്ടുണ്ട്. വലിയ മരങ്ങൾ സംരക്ഷണ ഭിത്തി കെട്ടി ചുവട്ടിൽ പുഴം കല്ലുകൾ നിരത്തി മനോഹരമാക്കിയിട്ടുണ്ട്. ബാരാപ്പുഴയിൽ ഒഴുകിയെത്തി ദ്രവിച്ച മരങ്ങളുടെ കുറ്റികളും  കേബിൾ റോളിൻ്റെ മരത്തിൻ്റെ കവചങ്ങളും അലങ്കാരങ്ങളായും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പായം പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി പാർക്ക്  ഉദ്ഘാടനം ചെയ്തു. ഒരുമ ചെയർമാൻ സിദ്ധിക്ക് കുഞ്ഞിക്കണ്ടി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ മുഖ്യാതിഥിയായി. ഒരുമ ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി, ട്രഷറർ കെ.ടി.ഇബ്രാഹിം, പായം പഞ്ചായത്ത് അംഗം അനിൽ.എം.കൃഷ്ണ‌ൻ, സമീർ, പി.കെ.റാഫി, സി.എച്ച്.മുഹമ്മദ് കുട്ടി, റഫീഖ് എന്നിവർ പ്രസംഗിച്ചു.