മലപ്പുറത്തെ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ദമ്പതികൾ, കാരണം നഗ്നദൃശ്യങ്ങള്‍ പകർത്തിയതിലെ വിരോധം, അറസ്റ്റ്

മലപ്പുറത്തെ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ദമ്പതികൾ, കാരണം നഗ്നദൃശ്യങ്ങള്‍ പകർത്തിയതിലെ വിരോധം, അറസ്റ്റ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിലുള്ള വിരോധം മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.പശ്ചിമ ബംഗാള്‍ സ്വദേശി ദീപാങ്കര്‍ മാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാജി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായതോടെ വാടക ക്വാര്‍ട്ടേഴ്സില്‍ വന്നു പോയവരെ ചുറ്റിപ്പറ്റിയായി അന്വേഷണം.ഇതിനിടയിലാണ് മാജിയുടെ നാട്ടുകാരായ ദമ്പതികള്‍ ഈ ക്വാര്‍ട്ടേഴ്സില്‍ വരാറുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് കിട്ടിയത്.

മാജി കൊല്ലപ്പെട്ട ദിവസം ഇവർ ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നുവെന്നും വ്യക്തമായതോടെ അന്വേഷണം ഇവരിലേക്ക് നീണ്ടു. പെരിന്തല്‍മണ്ണയില്‍ മറ്റൊരിടത്ത് താമസിച്ചിരുന്ന ഇവര്‍ തിരികെ നാട്ടിലേക്ക് പോയതായി മനസിലാക്കിയ പൊലീസ് പശ്ചിമ ബംഗാള്‍ പൊലീസിന്‍റെ സഹായം തേടി. പ്രതികളായ ദമ്പതികളെ തടഞ്ഞു വെച്ച ശേഷം പെരിന്തല്‍മണ്ണ പൊലീസിന് കൈമാറി.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദീപാങ്കര്‍ മാജിയെ കൊലപ്പെടുത്തിയ കാര്യം ഇവര്‍ സമ്മതിച്ചത്.

ദമ്പതിമാര്‍ സുഹൃത്തായ ദീപാങ്കര്‍ മാജിയുടെ വാടകക്വാര്‍ട്ടേഴ്സില്‍ വന്ന് താമസിക്കാറുണ്ടായിരുന്നു. ഇതിനിടെ ഈ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദീപാങ്കര്‍ മാജി ഇവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ഇക്കാര്യം യുവതി ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്നാണ് ദീപാങ്കര്‍ മാജിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഉറക്കഗുളികകളുമായി മാജിയുടെ ക്വാര്‍ട്ടേഴ്സിലെത്തിയ യുവതി ഇയാളറിയാതെ വെള്ളത്തില്‍ കലക്കി നല്‍കുകയായിരുന്നു. മാജി അബോധാവസ്ഥയിലായതോടെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുമായി ഇരുവരും ബംഗാളിലേക്ക് ട്രെയിന്‍ കയറുകയായിരുന്നുവെന്ന് പൊലീസ് പറ‌ഞ്ഞു. ഇവരില്‍ നിന്നും ദീപാങ്കര്‍ മാജിയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.