സസ്പെൻസുകൾക്ക് വിരാമം; റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കുംസസ്പെൻസുകൾക്ക് വിരാമം; റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും


ന്യൂഡല്‍ഹി: ഒടുവില്‍ ഗാന്ധികുടുംബം പരമ്പരാഗതമായി ഉപയോഗിക്കുന്ന അമേഠിയിലെയും റായ്ബറേലിയിലെയും സീറ്റ് കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനത്തിലെത്തി. റായ്ബറേലിയില്‍ നിന്നും രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ അമേഠി ഗാന്ധികുടുംബത്തിന് പുറത്ത് നല്‍കി. രാജ്യസഭയിലേക്ക് പോയ സോണിയാഗാന്ധി നാലു തവണ പ്രതിനിധീകരിച്ച സീറ്റില്‍ മകന്‍ മത്സരിക്കട്ടെയെന്നാണ് പാര്‍ട്ടി തീരുമാനം.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് പാര്‍ട്ടി തീരുമാനം എടുത്തിരിക്കുന്നത്. 2019 തെരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപ്പെട്ട അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കിഷോരി ലാല്‍ ശര്‍മ്മയെയാണ് പരീക്ഷിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം റൗണ്ടില്‍ മെയ് 20ന് വോട്ടെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളിലേക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്.

കേരളത്തിലെ വയനാട്ടില്‍ നിന്ന് വീണ്ടും ജനവിധി തേടിയ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെ നേരിടും. 2019 ല്‍ സോണിയാ ഗാന്ധിയോട് ഈ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റയാളാണ് സിംഗ്. അടുത്തിടെ വരെ റായ്ബറേലിയില്‍ നിന്നുള്ള എംപിയായിരുന്ന സോണിയ ഗാന്ധി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ പ്രിയങ്ക ഗാന്ധി വദ്ര ഈ സീറ്റില്‍ മത്സരിച്ചേക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന ഊഹാപോഹങ്ങള്‍.

1967ല്‍ സൃഷ്ടിക്കപ്പെട്ട അമേഠി പാര്‍ലമെന്റ് മണ്ഡലം 2019-ന് മുമ്പ് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. അതുവരെ രണ്ട് തവണ മാത്രമാണ് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ജയിച്ചിട്ടുള്ളത്. അതും നാല് വര്‍ഷം മാത്രം. ആദ്യം, 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമായിരുന്നു, ഒരു ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ച് 1980 വരെ ലോക്സഭയില്‍ അതിന്റെ പ്രതിനിധിയായി തുടര്‍ന്നു. 2004-ല്‍ രാഹുല്‍ സജീവ രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ അമേഠി തന്റെ മണ്ഡലമായി തിരഞ്ഞെടുക്കുകയും സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറുകയും ചെയ്തു.

രാഹുല്‍ തന്റെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് വിജയിക്കുകയും 2009-ല്‍ വീണ്ടും വിജയിക്കുകയും ചെയ്തു. 2014-ല്‍ ഇറാനി രാഹുലിനെതിരെ പോരാടി, ആ മത്സരത്തില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ കുറഞ്ഞ മാര്‍ജിനില്‍. എന്നിരുന്നാലും, ഇറാനി മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു 2019 ല്‍ രാഹുലിനെ പരാജയപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലാവധി ഏപ്രില്‍ 3 ന് അവസാനിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്ക് രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായി സോണിയ സത്യപ്രതിജ്ഞ ചെയ്തു.