ന്യൂസിലന്‍ഡില്‍ റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം കിട്ടി ; മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു എത്തിയത് മികച്ച തൊഴിലവസരം തേടി


ന്യൂസിലന്‍ഡില്‍ റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം കിട്ടി ; മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു എത്തിയത് മികച്ച തൊഴിലവസരം തേടി


മൂവാറ്റുപുഴ/കുട്ടനാട്/വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ നെടുമുടി ശശിനിവാസില്‍ ശശിധരന്‍ നായരുടെയും ശ്യാമളകുമാരിയുടെയും മകന്‍ ശരത് കുമാറി(37)ന്റെ മൃതദേഹമാണ് ഇന്നലെ ന്യൂസിലന്‍ഡ് സമയം ഉച്ചകഴിഞ്ഞ് രണ്ടിനു കണ്ടെടുത്തത്. ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ ലബ്ബകടവ് ചെമ്പകത്തിനാല്‍ ബാബു ജോര്‍ജിന്റെയും ലൈലയുടെയും മകന്‍ ഫെര്‍സില്‍ ബാബു(36)വിന് വേണ്ടിയുളള തെരച്ചില്‍ ഊര്‍ജിതമാക്കി.

സംഭവസ്ഥലത്തുനിന്നു മൂന്നു കിലോമീറ്റര്‍ മാറി തീരക്കടലില്‍നിന്നാണു ശരത് കുമാറിന്റെ മൃതദേഹം ലഭിച്ചത്. എംബാം ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടെങ്കിലേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ വിട്ടുകൊടുക്കൂ. ഇതു സംബന്ധിച്ച് തീരുമാനം ആറിന് അറിയാം. നോര്‍ത്ത്‌ലന്‍ഡിലെ തൈഹരൂരിന് അടുത്തുള്ള ദി ഗ്യാപ്പിലെ പാറക്കെട്ടുകള്‍ക്കു സമീപമാണ് ഇരുവരം ചൂണ്ടയിടാന്‍ പോയത്.

കഴിഞ്ഞ ഒന്നിനു ന്യൂസിലന്‍ഡ് സമയം വൈകിട്ട് നാലോടെയാണ് ഇവരെ കാണാതായത്. ചൂണ്ടയിടുന്നതിനിടയില്‍ ശരത് കുമാര്‍ ഭാര്യക്ക് ലൊക്കേഷന്‍ സ്‌കെച്ച് അയച്ചിരുന്നു. വൈകിയും ഭര്‍ത്താവ് തിരിച്ചെത്താതിരുന്നതോടെ ലൊക്കേഷന്‍ വിവരം അടക്കം കാണിച്ച് ഇവര്‍ നോര്‍ത്ത് ലാന്‍ഡ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തായ്ഹാരുരു ഉള്‍ക്കടലിനും അവഹോവ ഉള്‍ക്കടലിനും ഇടയിലുള്ള മൂന്നു കിലോമീറ്റര്‍ രാത്രി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇന്നലെ വീണ്ടും നടത്തിയ തെരച്ചിലിലാണു ശരത് കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. നഴ്‌സ് ആയ ശരത്തും ഫെര്‍സിലും കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലെ സെന്‍ട്രല്‍ വാങ്കാരെയിലേക്ക് അടുത്തിടെയാണു താമസം മാറിയത്. സൂര്യയാണു ശരത്തിന്റെ ഭാര്യ.

മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു ന്യൂസിലന്‍ഡില്‍ എത്തിയത് മികച്ച തൊഴിലവസരം തേടിയാണ്. കാത്തിരിപ്പിന് ഒടുവില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് ജോലിയില്‍ പ്രവേശിക്കാനുളള തയാറെടുപ്പിന് ഇടയിലാണു ദുരന്തം എത്തിയത്.

ദുബായില്‍ ജോലി ചെയ്ത് വരവെ ന്യൂസിലന്‍ഡില്‍ സര്‍ക്കാര്‍ നഴ്‌സായ തിരുവല്ല കാവുംഭാഗം കൈലാത്ത് (മോഹന്‍ വില്ല) മോഹന്‍-അനിത ദമ്പതികളുടെ മകള്‍ ആഷ്‌ലിയെ ഫെര്‍സില്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് ഇരുവരും ന്യൂസിലന്‍ഡിലേക്ക് പോയി. സ്പൗസ് വിസയിലായിരുന്നു ഫെര്‍സില്‍ പോയത്. തുടര്‍ന്ന് ജോലി നേടാനുളള പരിശ്രമത്തിലായിരുന്നു.

വിവാഹത്തിനു തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലേക്കു പോയ ദമ്പതികള്‍ക്ക് അവിടെവച്ചാണ് ആണ്‍കുഞ്ഞ് പിറന്നത്. ആറു മാസമായ മിഖായിലിന്റെ മാമോദീസയ്ക്കു കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഫെര്‍സിലിനു വര്‍ക്ക്‌പെര്‍മിറ്റ് ലഭിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായിരുന്നു തീരുമാനം. പായ്ക്കപ്പലില്‍ കടലില്‍ സഞ്ചരിക്കുന്നതും കടല്‍ ഇടുക്കില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതും തിരമാലകളെ കീറിമുറിച്ച് നീന്തുന്നതും എല്ലാം ഫെര്‍സിലിന്റെ വിനോദങ്ങളായിരുന്നു.

ആറു മാസം മുമ്പാണ് സെന്‍ട്രല്‍ വാങ്കാരെയിലേക്ക് താമസം ആരംഭിച്ചത്. ന്യൂസിലന്‍ഡിലെ ഗ്രാമീണ മേഖലയാണിത്. ഈ ഭാഗത്തെ കടല്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. കാഴ്ചയില്‍ ശാന്തമെന്നു തോന്നുമെങ്കിലും പെട്ടെന്ന് തിരയുയരുകയും താഴുകയും ചെയ്യുന്ന ഇടമാണ്. അപകട മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല.

തിര കയറി ഇറങ്ങുന്നതിനാല്‍ വഴുക്കലുള്ള പാറ കൂട്ടങ്ങളാണ്. അപകടകരമായ പാറ ഇടുക്കുകളുമുണ്ട്. ഇതൊന്നും അറിയാതെയാണ് ഫെര്‍സിലും സുഹൃത്തും ഇവിടെ ചൂണ്ട ഇടാനെത്തി അപകടത്തില്‍പെട്ടതെന്ന് പറയുന്നു. മകള്‍: ഐഷാനി തിരുവല്ല കാവുംഭാഗം കൈലാത്ത് (മോഹന്‍ വില്ല) മോഹന്‍-അനിത ദമ്പതികളുടെ മകള്‍ ആഷ്‌ലിയാണ് ഫെര്‍സില്‍ ബാബുവിന്റെ ഭാര്യ. മകന്‍ മിഖായേല്‍.