വിമാന സമരം മൂലം മസ്‌കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി

വിമാന സമരം മൂലം മസ്‌കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി


 

തിരുവനന്തപുരം: പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് (40) ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യയെ ഒരു നോക്ക് കാണാൻ ദിവസങ്ങളോളം രാജേഷ് കാത്തിരുന്നെങ്കിലും വിമാന സർവീസ് മുടങ്ങിയതിനാൽ അവർക്ക് എത്താനായില്ല. ഒടുവിൽ ആ ആ ഗ്രഹം സാധിക്കാതെ രാജേഷ് വിടവാങ്ങുക ആയിരുന്നു.

സമരം നടത്തി വിമാന സർവീസ് മുടക്കിയവരുടെ അലംഭാവമാണ് നമ്പി രാജേഷിന്റെ ഭാര്യ അമൃതയെ തീരാ ദുഃഖത്തിൽ ആഴ്‌ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴിന് മസ്‌കത്തിൽ തളർന്നു വീണതിനെത്തുടർന്ന് കരമന നെടുങ്കാട് റോഡ് ടിസി 45/2548 ൽ നമ്പി രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിനെ കാണാൻ എട്ടിന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഭാര്യ അമൃത സി.രവി ടിക്കറ്റ് ബുക്ക് ചെയ്തത്.

രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കൽ സമരം കാരണം എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയെന്ന വിവരം അമൃത അറിയുന്നത്. അടിയന്തരമായി മസ്‌കത്തിൽ എത്തണമെന്നു കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. അടുത്ത ദിവസം പകരം ടിക്കറ്റ് നൽകാമെന്ന വെറുംവാക്കു പറഞ്ഞ് അവർ അമൃതയെ തിരിച്ചയക്കുകയാണ് ചെയ്തത്. ഒമ്പതിനും അമൃത ടിക്കറ്റ് കിട്ടുമോയെന്ന് അന്വേഷിച്ചെങ്കിലും സമരം തീരാത്തതിനാൽ സർവീസ് പുനരാരംഭിച്ചിരുന്നില്ല. ഒടുവിൽ യാത്ര റദ്ദാക്കി.

ഇന്നലെ രാവിലെ ആശുപത്രിയിൽ നമ്പി രാജേഷ് മരിച്ചു. ഭർത്താവിനെ അവസാനമായൊന്നു കാണാൻ കഴിയാത്ത വേദനയിലാണ് അമൃതയും കുടുംബവും. നഴ്‌സിങ് വിദ്യാർത്ഥിനിയാണ് അമൃത. മസ്‌കത്തിൽ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ വിദ്യാർത്ഥികളാണ്.