ഇരിട്ടി ഉളിയിലിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷത്തോളം രൂപ കവർന്ന് റോഡിൽ ഉപേക്ഷിച്ചതായി പരാതി

ഇരിട്ടി ഉളിയിലിൽ  ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷത്തോളം രൂപ കവർന്ന് റോഡിൽ ഉപേക്ഷിച്ചതായി പരാതി 






ഇരിട്ടി: ഉളിയിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷത്തോളം രൂപ കവർന്ന് റോഡിൽ ഉപേക്ഷിച്ചു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉളിയിൽ പടിക്കച്ചാൽ സ്വദേശി അബ്ദുൾ അസീസിനെയാണ് ഇന്നോവയിൽ എത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയത്. ബംഗളൂരുവിൽ ബിസിനസ് ആവശ്യത്തിന് പോയി തിരികെ വരുന്നതിനിടെയാണ് സംഭവം.

ഉളിയിൽ പാലത്തിന് സമീപം ബസിറങ്ങി 3.40 ഓടെ പടിക്കച്ചാൽ റോഡിലൂടെ നടന്നു വീട്ടിലേക്ക് പോകുന്നതിനിടെ പടിക്കച്ചാൽ ഭാഗത്തുനിന്നും വന്ന ഇന്നോവ കാർ നിർത്തി അബ്ദുൾ അസീസിനെ അഞ്ചംഗസംഘം പിടിച്ചുവലിച്ച് കാറിൽ കയറ്റി പോകുകയാിരുന്നു. അബ്ദുൾ അസീസിന്റെ കൈവശമുണ്ടായിരുന്ന 11.70 ലക്ഷം രൂപയും മൊബൈൽ ഫോണിലെ സിം കാർഡും കൈക്കലാക്കിയ ശേഷം എട്ടു കിലോ മീറ്റർ അകലെ വെളിയമ്ബ്ര കൊട്ടാരത്തിൽ ഇറക്കിവിട്ടു.

ആരെയും വിളിക്കാൻ ഫോണില്ലാത്തതിനാൽ അതുവഴി വന്ന ബൈക്ക് കൈ കാണിച്ച് നിർത്തി വീട്ടിലേക്ക് വരികയായിരുന്നു. തുടർന്നാണ് മട്ടന്നൂർ പോലീസിൽ പരാതി നൽകിയത്. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചു വരികയാണ്.