കണ്ണൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13-കാരി മരിച്ചു


കണ്ണൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13-കാരി മരിച്ചു




കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 13കാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 12നാണ് ദക്ഷിണ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുന്നത്.

ഇത്തരം അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങൾ കാണാൻ കഴിയും. എന്നാൽ പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് ദക്ഷിണയിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. ജനുവരി 28ന് യാത്രപോയ ദക്ഷിണയ്ക്ക് മെയ് 8 നാണ് രോഗലക്ഷണം കണ്ടെത്തിയത്.

മൂന്നാറിൽ നിന്നുമാണ് രോഗബാധ ഉണ്ടായതെന്നാണ് അധികൃതർ അനുമാനിക്കുന്നത്. സ്കൂ‌ളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് ദക്ഷിണ പൂളിൽ കുളിച്ചിരുന്നു. ഈ സമയത്ത് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ടൂർ കഴിഞ്ഞ് മടങ്ങി വന്ന ദക്ഷിണയെ തലവേദനയും ഛർദിയേയും തുടർന്ന് ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ദക്ഷിണയെ ആദ്യം ചികിത്സയ്‌ക്കെത്തിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് ദക്ഷിണയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദക്ഷിണയുടെ മരണശേഷം പരിശോധനാഫലം വന്നപ്പോഴാണ് രോഗം സ്‌ഥിരീകരിച്ചത്.