28 ആഴ്ചയായപ്പോൾ സിസേറിയൻ, ജനിച്ചത് ഇരട്ടകൾ; ഒരു കുഞ്ഞിന് ഭാരം 695 ഗ്രാം, ജീവൻ രക്ഷിച്ച് കോഴിക്കോട് മെഡി. കോളജ്

28 ആഴ്ചയായപ്പോൾ സിസേറിയൻ, ജനിച്ചത് ഇരട്ടകൾ; ഒരു കുഞ്ഞിന് ഭാരം 695 ഗ്രാം, ജീവൻ രക്ഷിച്ച് കോഴിക്കോട് മെഡി. കോളജ്


കോഴിക്കോട്: മാസം തികയാതെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം. 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സുരക്ഷിതമായി അമ്മയുടെ കൈകളിലേൽപ്പിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതീവ ശ്രദ്ധയോടെയുള്ള പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മികച്ച പരിചരണം ഒരുക്കി കുഞ്ഞിനെ രക്ഷിച്ചെടുത്ത മുഴുവൻ ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

എപ്രിൽ നാലിനായിരുന്നു പ്രസവം. 48 വയസുള്ള സ്ത്രീയുടെ ആദ്യ പ്രസവമായിരുന്നു. പ്രായക്കൂടുതലിന് പുറമേ യുവതിക്ക് രക്താതിമർദം, പ്രമേഹം, ഹൈപ്പോതൈറോയിഡിസം, പ്ലാസന്റ തകരാർ എന്നിവയുമുണ്ടായിരുന്നു. അതിനാൽ തന്നെ ഹൈ റിസ്‌ക് പ്രഗ്‌നൻസി വിഭാഗത്തിലായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെ കരുതി 28 ആഴ്ചയും 4 ദിവസവുമായപ്പോൾ സിസേറിയൻ നടത്തുകയായിരുന്നു. ഇരട്ട കുഞ്ഞുങ്ങളാണ് ജനിച്ചത്. അതിലൊരു കുഞ്ഞിന്റെ ഭാരം 695 ഗ്രാം മാത്രമായിരുന്നു. മാസം തികയാതെയും മതിയായ ഭാരമില്ലാതെയും പ്രസവിച്ച കുഞ്ഞിന് തീവ്രപരിചരണം ഉറപ്പാക്കാൻ തുടർന്ന് ന്യൂബോൺ കെയറിൽ പ്രവേശിപ്പിച്ചു.

കുഞ്ഞ് കരയാത്തതിനാലും ശ്വാസകോശം വളർച്ചയെത്താത്തതിനാലും കുട്ടിക്ക് വെന്റിലേറ്റർ സപ്പോർട്ട് നൽകി തീവ്രപരിചരണം ഉറപ്പാക്കി. മാത്രമല്ല കുടലിൽ രക്തം എത്താത്ത അവസ്ഥയും കുട്ടിയ്ക്ക് അണുബാധ പ്രശ്നവുമുണ്ടായിരുന്നു. അതിനാൽ പ്രത്യേക ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘമാണ് കുട്ടിയുടെ തുടർ പരിചരണം ഉറപ്പാക്കിയത്. ഇതോടൊപ്പം അമ്മയ്ക്ക് കൗൺസിലിംഗും നൽകി. കൃത്രിമ ഭക്ഷണമൊന്നും നൽകാതെ അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന് നൽകിയത്. രണ്ടര മാസം നീണ്ട പരിചരണത്തിന് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തി. നിലവിൽ കുഞ്ഞിന് 1.4 കിലോഗ്രാം ഭാരമുണ്ട്.