കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേൽക്കൂര തകര്‍ന്ന് വീണ് 5 പേർക്ക് പരിക്ക്


കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേൽക്കൂര തകര്‍ന്ന് വീണ് 5 പേർക്ക് പരിക്ക്


ദില്ലി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദില്ലിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ ശക്തമായ കാറ്റില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും തകര്‍ന്നു. 

മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ശക്തമായ മഴയില്‍ നോയിഡ, ആർ.കെ പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത രണ്ട് മണിക്കൂറില്‍ ദില്ലിയില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇന്നലെ രാത്രി മുഴുവൻ ദില്ലിയില്‍ വ്യാപക മഴയാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയത്. കനത്ത മഴയെ തുടർന്ന് ദില്ലി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമായി. മിന്‍റോ റോഡിൽ ഒരു ട്രക്കും കാറും വെള്ളത്തിൽ മുങ്ങി.