90 സെക്കന്റിൽ പറഞ്ഞത് 29 കടുകട്ടി വാക്കുകൾ, സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ജേതാവായി ഇന്ത്യൻ വംശജനായ 12കാരൻ

90 സെക്കന്റിൽ പറഞ്ഞത് 29 കടുകട്ടി വാക്കുകൾ, സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ജേതാവായി ഇന്ത്യൻ വംശജനായ 12കാരൻ

ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്‌തമായ സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തിൽ വിജയിയായ ഇന്ത്യൻ വംശജനായ 12കാരനായ ബൃഹത് സോമ. ഒപ്പത്തിനൊപ്പം നിന്ന എതിരാളിയെ ടൈ ബ്രേക്കറിലാണ് ഈ 12കാരൻ പരാജയപ്പെടുത്തിയത്. ടൈ ബ്രേക്കറിൽ നൽകിയ 30 വാക്കുകളിൽ 29 വാക്കുകളുടേയും സ്പെല്ലിംഗ് ഈ 12 കാരൻ കൃത്യമായി പറഞ്ഞിരുന്നു. ടൈബ്രേക്കറിൽ എതിരാളിക്ക് 20 വാക്കുകൾ മാത്രം പറയാനായപ്പോഴാണ് ഈ പന്ത്രണ്ടുകാരൻ 29 വാക്കുകൾ പറഞ്ഞത്.

തെലങ്കാനയിലെ നാൽഗോണ്ട സ്വദേശിയായ ശ്രീനിവാസ സോമയുടെ മകനാണ് ബൃഹത് സോമ. സ്പെല്ലിംഗ് ബീ മത്സരത്തിൽ വിജയിക്കുന്ന 28ാമത്തെ ഇന്ത്യൻ വംശജനാണ് ബൃഹത്. ഫൈനലിൽ ഏഴ് പേരാണ്ബൃ ഹതിനൊപ്പമുണ്ടായിരുന്നത്. 50000 യുഎസ് ഡോളർ(ഏകദേശം 4171887 രൂപ) ആണ് സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സര ജേതാവിന് ലഭിക്കുക. ബൃഹത് സോമയുടെ മൂന്നാമത്തെ ശ്രമത്തിലാണ് സ്പെല്ലിംഗ് ബീ കിരീടം സ്വന്തമാകുന്നത്. സ്കൂൾ ബാൻഡിലെ അംഗമായ ബൃഹതിന് ബാസ്കറ്റ് ബോൾ കളിക്കുന്നതും കാണുന്നതും ബാഡ്മിന്റൺ കളിക്കുന്നതുമാണ് ഏറ്റവും താൽപര്യമുള്ള കാര്യങ്ങൾ.

വിധികര്‍ത്താക്കള്‍ പറയുന്ന വാക്കുകളുടെ അക്ഷരങ്ങള്‍ കൃത്യമായി പറയുന്ന മത്സരമാണ് സ്‌പെല്ലിംഗ് ബീ എന്നറിയപ്പെടുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സ്‌പെല്ലിംഗ് ബീ പോരാട്ടങ്ങളിലൊന്നാണ് ‘സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ’ മത്സരം. ടെലിവിഷന്‍ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്ന ഫൈനലില്‍ ഇക്കുറി 228 മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്.