മദ്യപിക്കാന്‍ വിസമ്മതിച്ചു: അച്ഛനെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച് മകന്‍


മദ്യപിക്കാന്‍ വിസമ്മതിച്ചു: അച്ഛനെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച് മകന്‍


തിരുവനന്തപുരം: മദ്യപിക്കാന്‍ വിസമ്മതിച്ചു എന്നാരോപിച്ച് പിതാവിനെ മകന്‍ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല മേലെവെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ (63) ആണ് മകന്‍ പ്രിജിത്ത് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്.

ഞാറാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്കാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പ്രസാദിന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ പ്രിജിത്ത് പിതാവിനോട് മദ്യപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച പ്രസാദിനെ വീട്ടിലുണ്ടായരുന്ന വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുയപ്പോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പ്രസാദിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ പരുക്കേറ്റ പ്രസാദിന്റെ തലയില്‍ ആഴത്തിലുള്ള മുറിവാണ് ഉള്ളത്. ഇരുപതോളം തുന്നലുകളുണ്ട്. വര്‍ക്കല പോലീസ് ആശുപത്രിയില്‍ എത്തി പ്രസാദിന്റെ മൊഴിയെടുത്തു. വിദഗ്ധ ചികിത്സയ്ക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും.