സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; സിപിഎം ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്ന്പുറത്താക്കി


സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം;  സിപിഎം ബ്രാഞ്ച് അംഗത്തെ  പാർട്ടിയിൽ നിന്ന്പുറത്താക്കി


കണ്ണൂർ: സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്നു സജേഷ്. സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ട്. സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ തള്ളുകയായിരുന്നു ഇരുവരും.

മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവർത്തനവും നടത്താത്തയാളാണെന്നും ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്നും പി ജയരജാൻ പ്രതികരിച്ചു. പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാൽ കൂട്ടുനിൽക്കാനാവില്ല. ഒരു പത്രത്തിൽ നടത്തിയ പരാമർശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാൻ മനു തോമസ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ജയരാജൻ ഫേസ്ബുക്കിൽ പറഞ്ഞു.

മനു തോമസിൻ്റെ ആരോപണങ്ങൾ വാര്‍ത്തയാക്കിയ മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കര്‍ഷക കുടുംബത്തിൽ നിന്ന് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാവായി വളര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെത്തിയ മനു തോമസിന് ജീവിതത്തിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ലഭിക്കാത്ത അനീതിക്കെതിരായ  പോരാളി ഇപ്പോൾ അദ്ദേഹത്തിന് മാധ്യമങ്ങൾ നൽകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎമ്മിൽ നിന്ന് പുറത്തുപോയത് കൊണ്ടാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.