
ചെന്നൈ: വിഷമദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടേയും രൂക്ഷ വിമര്‍ശനം. വിഷമദ്യദുരന്തം നിസ്സാരമായി കരുതാനാകില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ദുരന്തത്തില്‍ നിന്നും എന്തു പഠിച്ചെന്നും ചോദിച്ച കോടതി വിഷമദ്യം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തു നടപടികളാണ് ഉണ്ടായതെന്നും ചോദിച്ചു. ഉദ്യോഗസ്ഥ അനാസ്ഥമൂലം മനുഷ്യജീവനുകള്‍ നഷ്ടമായ കേസിനെ നിസ്സാരമായി കരുതാനാകില്ലെന്നും ജസ്റ്റിസ് ഡി കൃഷ്ണകുമാര്‍, ജസ്റ്റിസ് കെ കുമരേഷ് ബാബു എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഐഎഡിഎംകെ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം ഉണ്ടായത്. നേരത്തേ ഉണ്ടായ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയോയെന്നും ചോദിച്ച കോടതി കളിഞ്ഞ തവണ ഉണ്ടായ ഇത്തരം പ്രശ്‌നങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞു. ഇത് പുതപ്പിട്ടു മൂടാനാകില്ലെന്നും മാധ്യമങ്ങളിലും പത്രവാര്‍ത്തകളിലും യൂട്യൂബിലും ഇത് സംബന്ധിച്ച ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും പറഞ്ഞു.
1937 ലെ നിയമപ്രകാരം തമിഴ്നാട്ടില്‍ വ്യാജ മദ്യം വില്‍പ്പന നിരോധനം നിലനില്‍ക്കുന്നുണ്ട് എന്നാല്‍ 2021 മുതല്‍ ഇവ സുലഭമായി ലഭ്യമാണെന്നും വില്‍പ്പന തടയാന്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേകിച്ച് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ എഐഎഡിഎംകെ ആരോപിച്ചത്. വിഷയത്തില്‍ ഇന്ന് തമിഴ്‌നാട് നിയമസഭയിലും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. അതിനിടയില്‍ നേരത്തേ ഈ വിഷയത്തില്‍ സസ്‌പെന്റ് ചെയ്ത എംഎല്‍എ മാരെ തിരിച്ചുവിളിച്ചു. ജനാധിപത്യ രീതിയില്‍ വേണമെന്ന സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.