വേനലവധിയുടെ ആഘോഷങ്ങൾ കഴിഞ്ഞു; പുത്തനുടുപ്പും പുസ്തകങ്ങളുമായി കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്

വേനലവധിയുടെ ആഘോഷങ്ങൾ കഴിഞ്ഞു; പുത്തനുടുപ്പും പുസ്തകങ്ങളുമായി കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. സ്കൂൾപ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക.

രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവമുണ്ട്.

അതേസമയം, ഇത്തവണ പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു.

വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി. എസ്എസ്എൽസി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്.