പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ? പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ? പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ


പാലക്കാട്:പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സീസണല്‍ ഇഷ്യു ആക്കി സര്‍ക്കാര്‍ ഇനിയും നിലനിര്‍ത്തരുതെന്നും പഠിക്കാൻ വേണ്ടി എല്ലാ വര്‍ഷവും കുട്ടികള്‍ പോരാട്ടം നടത്തുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

കേരളത്തിൽ ആവശ്യത്തിനുള്ള പ്സ,് വണ്‍ സീറ്റില്ല എന്ന യാഥാർത്ഥ്യം സർക്കാർ അംഗീകരിക്കണം. മറ്റു ധൂർത്തുകൾ കുറച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണ. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മോശകാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ടി.പി കേസ് പ്രതികൾക്ക് ശിക്ഷാഇളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണെന്നും കൂടുതൽ പേർ പ്രതികൾ ആകുമോയെന്ന സിപിഎമ്മിന്‍റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറഞ്ഞു.

ഇളവ് നൽകരുതെന്ന് വിചാരണ കോടതി പറഞ്ഞിട്ടും, ഇളവ് അനുവദിക്കാൻ ജയിൽ സുപ്രണ്ട് ശ്രമിച്ചു. കോടതി നൽകിയ ശിക്ഷയിൽ തിരുത്തലുകൾ കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മലബാറിലെ ട്രെയിൻ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാർലമെൻറ് അംഗമെന്ന നിലയിൽ മലബാറിന്‍റെ റെയിൽവേ ആവശ്യങ്ങൾ പാർലിമെന്‍റിൽ ഉന്നയിക്കും. പ്രതിസന്ധി മറികടക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിപ്പിക്കാൻ ശ്രമം നടത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.