രാധാകൃഷ്ണന്റെ പകരക്കാരനായി മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളു മന്ത്രിസഭയിലേക്ക് ; ദേവസ്വം വിഎന്‍ വാസവന് നല്‍കിയേക്കും

രാധാകൃഷ്ണന്റെ പകരക്കാരനായി മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളു മന്ത്രിസഭയിലേക്ക് ; ദേവസ്വം വിഎന്‍ വാസവന് നല്‍കിയേക്കും


തിരുവനന്തപുരം: കെ.രാധാകൃഷ്ണന്‍ രാജിവെച്ചതിന് പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നു. മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു മന്ത്രിയാകുമെന്നും ഇദ്ദേഹത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് നല്‍കുമെന്നുമാണ് ഏറ്റവും പുതിയ വിവരം. കെ. രാധാകൃഷ്ണന്‍ വഹിച്ചിരുന്ന ദേവസ്വം വകുപ്പ് വി.എന്‍.വാസവന് കൈമാറിയേക്കുമെന്നാണ് കിട്ടുന്ന ഏറ്റവും പുതിയ വിവരം.

നിലവില്‍ സഹകരണ, തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്ന വി.എന്‍.വാസവന് അധികചുമതലയായി ദേവസ്വം നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന മൂന്ന് ദിവസത്തെ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമെന്നാണ് വിവരം. നിലവില്‍ സംസ്ഥാനസമിതിയംഗം കൂടിയാണ് ഒ.ആര്‍. കേളു എംഎല്‍എ.

സിപിഎം സംസ്ഥാന സമിതയംഗമായ അദ്ദേഹത്തിനെ ആ പദവിക്ക് പുറമേ മുതിര്‍ന്ന പ്രതിനിധി എന്നത് കൂടി കണക്കാക്കിയാണ് മന്ത്രിസ്ഥാനം നല്‍കുന്നത്. വകുപ്പുകളിലും മാറ്റം വരുമെന്നും സൂചനയുണ്ട്. പാര്‍ലമെന്ററി വകുപ്പ് എംബി രാജേഷിന് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. പി.കെ. ജയലക്ഷ്മിക്ക് വയനാട്ടില്‍ നിന്നും മന്ത്രിസഭയിലേക്ക് എത്തുന്നയാളാണ് ഒ.ആര്‍.കേളു. വയനാട്ടില്‍ നിന്നും ഇടതുപക്ഷ മന്ത്രിസഭയിലേക്ക് എത്തുന്ന ആദ്യ ആളുമാണ് കേളു. കുറിച്യര്‍ സമുദായത്തില്‍ നിന്നുള്ള അദ്ദേഹം പട്ടികവര്‍ഗ്ഗത്തില്‍ നിന്നുള്ളയാളുമാണ്.

മന്ത്രിസ്ഥാനത്തിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂരിൽ നിന്നും ജയിച്ച് പാര്‍ലമെന്റിലേക്ക് പോയ സാഹചര്യത്തിലാണ് സിപിഎമ്മിന് പുതിയ മന്ത്രിയെ കണ്ടെത്തേണ്ട സ്ഥിതി വന്നത്. നേരത്തേ ശ്രീനിജന്റെയും സച്ചിന്‍ദേവിന്റെയുമൊക്കെ പേരുകള്‍ പരിഗണനയില്‍ വന്നിരുന്നെങ്കിലൂം അവസാന നിമിഷം സംസ്ഥാന സമിതിയില്‍ കേളുവിന്റെ പേര് പരിഗണിക്കുകയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഇടതുമന്ത്രിസഭയിലേക്ക് എത്തുന്ന ആദ്യയാളാണ് കേളു. ഈ പേര് മാത്രം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുകയും സംസ്ഥാന സമിതിയിലേക്കും കൊണ്ടുവരികയായിരുന്നു.